Followers

Monday, February 3, 2014

സമാധാനം ആവശ്യപ്പെടുന്നത്

ഫസൽ റഹ് മാൻ


കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച്
സെമിനാറില്‍ പങ്കെടുക്കാനാണ്
വെളുപ്പിനേ ഇറങ്ങിയത്‌.
പാതവികസനത്തിന്റെ
ബുള്‍ഡോസര്‍ നയത്തിനെതിരെ
കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍-
ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്.
സമ്മേളനങ്ങളില്‍ വൈകിയെത്തുന്നത് ശരിയല്ല.
വളരെ നന്നായിരുന്നു അവതരണം.
റേച്ചല്‍ കോറിയുടെ ആത്മബലിയെ
അനുസ്മരിച്ചതിനു നല്ല കയ്യടിയായിരുന്നു.
അതും കഴിഞ്ഞിറങ്ങിയതാണ്.

നഗരത്തിരക്കില്‍
വീട്ടമ്മയുടെ മാല പൊട്ടിച്ച് പാഞ്ഞ തെരുവ് പയ്യനെ
ജനം കൈകാര്യം ചെയ്യവേ,
തൊട്ടടുത്ത ബാറിലേക്ക് നമ്മള്‍ ഊളിയിടുന്നു.
നമ്മളവനെ പിന്തുടരേണ്ടതില്ല.
ഈറന്‍ ചുവരുകളുള്ള ഇരുണ്ട ഗല്ലികളില്‍
രോഗവും മൃതിയും മണക്കുന്ന
നിര്‍വ്വികാര മുഖങ്ങള്‍
സുഖമുള്ള കാഴ്ചയാവില്ല.
നുരയുന്ന ചഷകങ്ങള്‍ക്ക് മുന്നില്‍
സോമാലിയയും ലൈബീരിയയും
നമ്മളെ അസ്വസ്ഥരാക്കുന്നു.
ആ പയ്യന്റെ അമ്മയെ
ഇന്നലെ പോലീസ് പിടിച്ചിട്ടുണ്ടാവും.
സദാചാര ബോധമില്ലാത്ത വര്‍ഗ്ഗം.
നമ്മളത് ചിന്തിക്കേണ്ടതില്ല.
നമ്മള്‍ ഇറോം ഷര്‍മ്മിളയുടെ
പോരാട്ട വീര്യം ചര്‍ച്ച ചെയ്യുന്നു.
അവന്റെ തെരുവില്‍
ഇന്നലെയും പോലീസ് വേട്ടയുണ്ടായിക്കാണണം-
ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് വേണ്ടി.
നമ്മളാ വഴി പോവേണ്ടതില്ല.
നമ്മള്‍ കാശ്മീരും തെലുങ്കാനയും
അവലോകനം ചെയ്യുന്നു.
തെരുവോരത്ത് മുനിഞ്ഞിരിക്കുന്ന
ആദിവാസി വൃദ്ധന്‍
കുളിച്ചിട്ടു നാളുകളായിക്കാണും.
വൃത്തിയില്ലാത്ത മനുഷ്യര്‍-
നമ്മളപ്പോള്‍ മുഖം തിരിച്ചു.
അയാളോടൊപ്പം മലമടക്കുകളിറങ്ങിയ
ഇരുണ്ടു മെലിഞ്ഞ യുവതികള്‍
ലൈംഗീക വിശപ്പിന്റെ നഗര വഴികളില്‍
ഇരകളായി മറഞ്ഞതാണ്.
അയാളുടെ കാത്തിരിപ്പ് നമുക്ക് വിഷയമല്ല.
ആസ്ത്രേലിയന്‍ ആദിവാസികളോടും
ആമസോണ്‍ ഗോത്ര വിഭാഗങ്ങളോടും
പരിഷ്കൃത സമൂഹം കാട്ടിയ ക്രൂരത
നമ്മള്‍ ചര്‍ച്ചക്കെടുക്കുന്നു.
മദ്യമേശ തുടക്കാനെത്തുന്ന ബാലനില്‍
കലാപം പുകഞ്ഞ നാട്ടില്‍ നിന്നുള്ള
ഭയന്നോട്ടത്തിന്റെ പകപ്പുണ്ടിപ്പോഴും.
അത് നമ്മളെ അലട്ടേണ്ടതില്ല.
അല്‍ജസീറയിലെ സിറിയന്‍ കാഴ്ചകളെക്കുറിച്ച്
നമ്മളിപ്പോള്‍ പറഞ്ഞു തുടങ്ങുന്നു.
വംശ വെറിയുടെ കനല് കടന്നവന്‍
നമ്മുടെ റുവാണ്ടന്‍ കഥകളില്‍ എത്തിനോക്കുന്നില്ല.
അല്ലെങ്കിലും അവന്റെ ഭാഷ വേറെയാണല്ലോ.

നഗരത്തിലെ ഏറ്റം വൃത്തിയുള്ള ഈ മദ്യശാലയില്‍
നമ്മളിപ്പോള്‍ ചിന്താമഗ്നരാണ്.
വയറ്റത്തടിച്ചു പാടുന്ന ആ നാടോടിപ്പയ്യന്‍
നമ്മുടെ ഇഷ്ടഗാനത്തെ മുറിപ്പെടുത്തിയതോര്‍ത്ത്
നമ്മളിപ്പോഴും അസ്വസ്ഥരാണ്.
അങ്ങനെ നമ്മള്‍ പീറ്റര്‍ സീഗറുടെ മരണത്തെ
ഒരു നിമിഷം ഓര്‍ത്തുപോവുന്നു.
ഹോട്ടലിന്റെ പിറകു വശത്ത്‌
നഗരത്തിലെ മറ്റു ഹോട്ടലുകളെപോലെ
സെപ്ടിക് ടാങ്ക് തോട്ടിലേക്ക് തുറക്കുന്നത്
ഒരു പ്രാദേശിക പ്രശ്നമായിട്ടുണ്ട്.
നമ്മളത് ഗൗനിക്കേണ്ടതില്ല.
നാട്ടരരുവിയെ മരിക്കാന്‍ വിട്ടു
ആര്‍ട്ടിക് മഞ്ഞുരുക്കത്തിലേക്കും
ഷെയറെടുത്ത കമ്പനിയുടെ പുകക്കുഴല്‍ വിട്ടു
ഓസോണ്‍ പാളികളിലേക്കും
നമ്മള്‍ തെന്നി മാറുന്നു.
ലാറ്റിനമേരിക്കയില്‍
ജലയുദ്ധം ജയിച്ച തദ്ദേശീയരെ കുറിച്ച്
നടത്താന്‍ പോകുന്ന ചലച്ചിത്രപ്രദര്‍ശനത്തെ കുറിച്ച്
നമ്മള്‍ തീരുമാനമെടുക്കാനുണ്ട്.
ബൗദ്ധിക വഴക്കത്തിന്റെ സുഖവാസ വസതിയില്‍
കവിതയുടെ ജലകന്യകമാര്‍
ഇപ്പോള്‍ നമുക്കായി നൃത്തം ചെയ്തു തുടങ്ങുന്നു.

സൂക്ഷ്മത്തില്‍ സ്ഥൂലത്തിലേക്ക്
അനായാസം വഴുതിമാറുന്നത്‌ കൊണ്ടാണല്ലോ
നമ്മളിപ്പോഴും
സമാധാന ജീവിതമായിരിക്കുന്നത്.