Followers

Thursday, January 2, 2014

വരാതെ വരുമോ?


സലോമി ജോണ്‍ വത്സന്‍

എവിടെയാണു നീ, സ്നേഹിതാ?
എന്റെ ഓര്‍മ്മകള്‍ക്ക്‌ ചാരനിറമായിരിക്കുന്നു
നീ വരുമോ, വരാതിരിക്കുമോ-
യെന്നു തപിച്ചു ഞാന്‍
എത്രയോ രാപ്പകലുകള്‍
എണ്ണിയൊടുക്കി?
എന്റെ അറയ്ക്കരികിലെ
മഞ്ഞ മന്ദാരങ്ങള്‍
നമ്മുടെ സ്നേഹകാലങ്ങളെ
ഉപ്പുതൂണുകളാക്കുന്നു
അകലെ ഞാന്‍ കാണുന്ന
ചാവുമുറിയുടെ
പായല്‍ പിടിച്ച ചുവരുകള്‍
നമുക്കിടയിലെ അകലം തിട്ടമാക്കുന്നു
ഇത്‌ ഇലകൊഴിയും കാലം...
ചാവുമുറിക്കരികിലെ
സ്പാത്തോഡിയയില്‍
ഒരൊറ്റ ഇല പോലുമില്ല
അവയുടെ ചുവന്ന പൂക്കള്‍
കൊഴിഞ്ഞ്‌ ശവമായി
മണ്ണോടു മണ്ണായിരിക്കുന്നു
എന്റെ ഹൃദയ താളത്തില്‍
ശ്രുതിഭംഗമേറുന്നു
ഓര്‍മ്മകള്‍ക്ക്‌ എന്നേ
ജര ബാധിച്ചിരിക്കുന്നു...
നിന്റെ ഓര്‍മ്മകള്‍ക്ക്‌
ഓജസ്സ്‌ പകരുവാന്‍
എന്റെ സിരകളിലെ
സമസ്ത ഊര്‍ജ്ജവും
ഞാന്‍ കാത്ത്‌ വയ്ക്കുന്നു
നീ വരുമെന്നും...
വരാതിരിക്കില്ലെന്നും...
വരാതിരിക്കുമോയെന്നും...
ഓര്‍ത്തോര്‍ത്ത്‌... നീറിപ്പുകഞ്ഞ്‌...
എന്റെ ഹൃദയം വിലാപം മുഴക്കുന്നു...
ഇന്നലെയും ചാവുമുറിയുടെ വാതില്‍
കാവല്ക്കാര്‍ തുറന്നിരുന്നു
ഇരുട്ടിന്റെ ഇടിമുഴക്കങ്ങളുടെ
നിലവറയില്‍ നിന്നും
ആരുടെയോ തേങ്ങലുകള്‍...
രാവിന്റെ തുടിപ്പില്‍
കാഴ്ച്ചകള്‍ക്ക്‌ രൂപം നഷ്ട്ടപ്പെട്ടു
എന്റെ ജീണ്ണിച്ച മുറിയകങ്ങളില്‍
തേങ്ങലുകള്‍ പ്രതിധ്വനിക്കുന്നു...
എന്നെ കാതോര്‍ത്തിരിക്കുന്ന
മണിമുഴക്കങ്ങളില്‍
മരണധ്വനികള്‍ ചിലമ്പുന്നു...
ഒടുങ്ങിയൊടുങ്ങി
തേഞ്ഞു തീര്‍ന്ന പകലുകളില്‍
പിന്നെയും പ്രതീക്ഷയുടെ
ചങ്ങലക്കണ്ണികളെണ്ണി
ഞാന്‍ കാത്തിരിക്കുന്നതെന്തേ?
വിലാപങ്ങളുടെ മണിമുഴക്കങ്ങള്‍
കേട്ട്‌ മരവിച്ച മനസ്സിന്റെ
വ്യഥിത ഗാഥകള്‍
ചരമ ഗീതങ്ങളാകുന്നു
ഈ നിമിഷങ്ങള്‍ ഏതോ
ഗുഹാന്തരങ്ങളിലേക്ക്‌ എന്നെ
ക്ഷണിക്കുന്നതറിയുന്നു..
മരണത്തിന്റെ മഞ്ഞു വാതിലുകള്‍
മലര്‍ക്കെ തുറന്നു കയറിയതാരായിരുന്നു?
ഓ... ഈ പകലും ഒടുങ്ങുകയാണല്ലൊ!
മരുന്നിന്റെ മരണ ഗന്ധങ്ങള്‍ നിറഞ്ഞ
ശവതാളമേറ്റ പകല്‍
വിടചൊല്ലി ഒടുങ്ങുകയാണ്‌
ഇനിയും കാത്തിരിപ്പെന്ന
വ്യാമോഹത്തിന്‍ ചുടലയില്‍
ഞാന്‍ വിട ചൊല്ലുവാനൊരുങ്ങട്ടെ
നിനക്കായുള്ള കാത്തിരിപ്പില്‍
ബലിക്കാക്കകളുടെ ചിറകടിയൊച്ചകള്‍
സാന്ത്വനമാകുന്നു...