Followers

Thursday, October 31, 2013

വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും



ഡോ.എം.എസ്‌.പോൾ

    'ഒരു അപ്പക്കൂട്ടുകാരന്റെ അതിഭാഷണങ്ങൾ' എന്ന പേരിൽ അശോകൻ ചരുവിൽ ഒരു കഥ എഴുതിയിട്ടുണ്ട്‌. ഈ കഥാകൃത്ത്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടത്തുന്ന സംഭാഷണം വായിച്ചുകഴിഞ്ഞാൽ മേൽപ്പറഞ്ഞ കഥാശീർഷകം 'അപ്പക്കഷണം കിട്ടിയവന്റെ അതിഭാഷണങ്ങൾ' എന്നു തിരുത്തിവായിക്കാൻ തോന്നും. അധികാര കേന്ദ്രങ്ങളിലും മന്ത്രിമന്തിരങ്ങളുടെ പിന്നാമ്പുറങ്ങളിലും കയറിയിറങ്ങുന്നത്‌ സാഹിത്യകാരന്റെ യോഗ്യതയായി കാണുന്ന അശോകൻ ചരുവിൽ പരാജയപ്പെട്ട നേതാവിനു വേണ്ടി പരസ്യമായി പോസ്റ്ററൊട്ടിക്കുകയാണിവിടെ. സ്വന്തം നട്ടെല്ല്‌ ഊരിയെടുത്ത്‌ മാറ്റിവച്ച്‌ തൊഴുതു നിൽക്കുകയും പാർട്ടിബന്ധം വഴി തനിക്ക്‌ ലഭിച്ച നേട്ടങ്ങൾക്ക്‌ പ്രത്യുപകാരമായി കഴിയുന്നിടത്തോളം ആളുകളെ ഇകഴ്ത്താനും കാട്ടുന്ന വ്യഗ്രത ആത്മാഭിമാനമുള്ള മലയാളിയെ ലജ്ജിപ്പിക്കുന്നു.

    ഈ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങുമ്പോഴേക്കും അശോകൻ ചരുവിലിന്റെ ആവനാഴി ശൂന്യമാകുന്നു. സി.ആർ.പരമേശ്വരനെപ്പോലെ ധൈഷണികതയെ സാഹിത്യവുമായി ചേർത്തുവച്ച ഒരു എഴുത്തുകാരനെ ചെറുതാക്കി കാണിക്കുകയും ഡി.എം.പൊറ്റക്കാടിനെ മഹാനായ എഴുത്തുകാരനാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണ്‌. ഈ കഥാകൃത്ത്‌. എസ്‌.കെ.പൊറ്റക്കാടിനെ തമസ്ക്കരിച്ചുകൊണ്ട്‌ ഡി.എം.പൊറ്റക്കാടിനെ അവതരിപ്പിക്കാൻ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ചരിത്രം ഇവരെ രണ്ടുപേരെയും നിരസിക്കുകയും പൊറ്റക്കാടിനെ നിലനിർത്തുകയും ചെയ്തു. പാർട്ടിയോടുള്ള തന്റെ കൂറും വിധേയത്വവും കാണിച്ചുകൊണ്ടാണ്‌ അശോകൻ ചരുവിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നത്‌. ഇതായിരിക്കരുത്‌ ഒരു എഴുത്തുകാരന്റെ അൻപ്‌. വിമോചനസമരം അപഹസിക്കപ്പെടേണ്ടതുതന്നെയാണ്‌.

എന്നാൽ അത്രതന്നെ പ്രതിലോമകരമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ധാർഷ്ട്യവും. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൂർവ്വകാല ചരിത്രം വച്ചുകൊണ്ട്‌ ഇന്നത്തെ അവസ്ഥയെ വിലയിരുത്തുന്നത്‌ ഗാന്ധിജിയെ മുൻനിർത്തി ഇന്നത്തെ കോൺഗ്രസിനെ നോക്കിക്കാണുന്നപോലെ വിഡ്ഢിത്തമാണ്‌. മതജാതി പ്രീണനങ്ങളിൽ നിന്നും സങ്കുചിതചിന്തകളിൽ നിന്നും സ്വതന്ത്രമാകാത്തിടത്തോളം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നിലവാരമുള്ള ഒരു ബഹുജനപ്രസ്ഥാനമായി കാണാനാവില്ല. ആദിവാസി ദലിത്‌ ജനതയും ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്ന വികസനത്തിന്റെ ഇരകളും എന്നും ഈ പാർട്ടിക്ക്‌ അനഭിമതരാണ്‌. ഇത്തരം  ഒരു പ്രസ്ഥാനത്തെമഹത്വവൽക്കരിക്കാൻ നടത്തുന്ന ഏതുശ്രമവും സാമൂഹികവിരുദ്ധമാണ്‌. പെൻഷൻ പറ്റിയ കുറെ സർക്കാർ ഉദ്യോഗസ്ഥരും കമ്മീഷൻ ഏജന്റുമാരും റിയൽ എസ്റ്റേറ്റ്‌ ബ്രോക്കർമാരും ചിട്ടിക്കമ്പനിയിലെ ഓഹരി ഉടമകളുമൊക്കെയാണ്‌ നാട്ടിൽ കക്ഷി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന്‌ ഈ കഥാകൃത്ത്‌ സമ്മതിക്കുകയും ചെയ്യുന്നുണ്ട്‌.

യാതൊരു പരിസ്ഥിതി ബോധവും ചരിത്രബോധവുമില്ലാത്ത ഇത്തരക്കാരെയാണ്‌ അശോകൻ ചരുവിൽ ന്യായീകരിക്കുന്നത്‌. ദളിത്‌ പരിസ്ഥിതി സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യവും സർവ്വകാല മൂല്യവും തിരിച്ചറിയാതെ സംസാരിക്കുന്നത്‌ സ്ഥിരബുദ്ധിയുള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു കുറവ്‌ തന്നെയാണ്‌. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തി, സാമ്രാജ്യത്വം, മാധ്യമ അജണ്ടകൾ എന്നിങ്ങനെയും സ്ഥിരം ഭാഷണങ്ങൾക്കപ്പുറത്തേയ്ക്ക്‌ പോകുന്നില്ല ഈ കഥാകൃത്ത്‌. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഇത്തിരിവെട്ടം മാത്രം ചിന്തിക്കുന്നവരാണെന്ന്‌ പറഞ്ഞുകൊണ്ട്‌ സമകാലികതയ്ക്കു നേരെ മുഖം തിരിക്കുകയും തനിക്ക്‌ ഗുണമുള്ളതുകൊണ്ട്‌ കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തെ വാഴ്ത്തുകയും ചെയ്യുകയാണ്‌ അശോകൻ ചരുവിൽ. ഈ അഭിമുഖത്തിലുടനീളം സത്യം പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. പാർട്ടിയോടുള്ള വിധേയത്വം ഈ എഴുത്തുകാരനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുത്ത്‌ നടത്തുന്ന സമകാല എഴുത്തുകാരിൽ ശ്രദ്ധേയനാണ്‌ അശോകൻ ചരുവിൽ എന്നാൽ അധികാരത്തോട്‌ നിഷേധാത്മക സമീപനം പുലർത്തി ഒരു സ്വതന്ത്രബുദ്ധി ജീവിയെന്ന നിലയിലേക്ക്‌ പരിണമിക്കാൻ അദ്ദേഹത്തിന്‌ കഴിയുന്നില്ല.