Followers

Sunday, June 2, 2013

കാറ്റ്‌

ഷഫീഖ്  എസ് കെ

വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത്

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ...