Followers

Saturday, May 4, 2013

പെണ്ണ്

രശ്മി  രാമചന്ദ്രൻ 

1. മാറാത്ത നിയമങ്ങൾ --------------------------------
പെണ്ണ്, നീ വെറും പെണ്ണ്...
കാമവും ക്രോധവുമരുത്
പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലു-
മരുതരുതരുത്...
അവനെ അനുസരിക്കേണ്ടവള്‍
പരിഗണിക്കേണ്ടവള്‍, അവന്
സ്നേഹം പകർന്നു നല്കേണ്ടവള്‍
തീര്‍ന്നില്ല, തീര്‍ന്നില്ല ഒന്നുകൂടി...
തിരിച്ചിതൊന്നും കിട്ടരുതാത്തവൾ!

2. അവൾക്കു ചോദിക്കാനുള്ളത്
--------------------------------------------
പഴുത്തു നാറുന്ന മോതിരവിരല്‍
മുറിച്ചു മാറ്റണോ കാലമാം വൈദ്യരേ?
കഴുത്തില്‍ പിണയുന്ന സ്വര്‍ണ്ണ നാഗം
പത്ത്, നൂറ്, ആയിരം തലയാല്‍
ആയിരം ദംഷ്ട്രയാല്‍ ദംശിക്കെ
വിഷം തീണ്ടി മരിക്കണോ ലോകരേ?

3. സങ്കല്പം
-----------------
കൊമ്പ്, കുഴല്‍ , വാദ്യമേളം
കാതടപ്പിക്കുന്ന ചെണ്ട...
മുടിയഴിച്ചിട്ട് തുള്ളുന്ന ദേവി, പെണ്ണ് !
കയ്യില്‍ വാള്‍ , കാലില്‍ ചിലമ്പ്
മാറില്‍ തുള്ളുന്ന തലയോട്ടിമാല!
അറിവില്ലാപ്പൈതങ്ങളെക്കാത്തോളണേ...

4. സത്യം
-------------
കാലിൽ കിലുങ്ങുന്ന പാദസരമില്ല-
വൾക്കുള്ളതോ കാരിരുമ്പിൻ ചങ്ങല...
കൂട്ടിലടച്ച കിളിക്ക് പാലും പഴവും
നെയ്യും കല്ക്കകണ്ടവും വേണ്ടുവോളം.
എന്നാലവള്‍ക്കു വേണ്ടതോ
ഒരു കുഞ്ഞുപൂവിലെ തേന്‍തുള്ളി!

5. ജീവിതം
---------------
"പ്രണയം, സ്വപ്‌നങ്ങള്‍ , ജീവിതം
തെല്ലും അര്‍ത്ഥമില്ലാത്ത വാക്കുകള്‍ "
സമ്മതിക്കില്ല ഞാന്‍ , നിന്റെ വേദാന്തം
ഇല്ലില്ല, പ്രണയമില്ലാതെ ജീവിതം
വർണ്ണങ്ങൾ വറ്റിയൊരു ചിത്രമായ്‌
വരികള്‍ തെറ്റിയൊരു കവിതയായ്
ഈണമേയില്ലാത്ത പാട്ടായി
പ്രണയമില്ലാത്തോരീ ജീവിതം.

6. ഒടുക്കം
--------------
കാറ്റ്, വീശിയടിക്കും പെരുങ്കാറ്റ്...
ഭ്രാന്ത്, ചുഴലിവീശിപ്പേമാരിപോൽ...
തലച്ചോറിലൊരായിരംഎട്ടുകാലി-
ക്കുഞ്ഞുങ്ങൾ പുളയുന്നു...
ഇടനെഞ്ചിൽ കടയുന്ന വേദനച്ചുഴിയില്‍
ശ്വാസംമുട്ടാതെ, ദൂരെപ്പോ!
നെഞ്ചിലെപ്പെരും പ്രളയത്തില്‍
മുങ്ങിച്ചാകാതെ ദൂരെപ്പോ!
സ്വപ്നങ്ങളെരിയുന്ന മിഴിയിലെ-
ച്ചിതയില്‍ ചാമ്പലാകാതെ മാറിപ്പോ...!