Followers

Saturday, May 4, 2013

ezhuth

ezhuth online may 2013

പച്ചപ്പിലൂടെ… പൊള്ളിക്കൊണ്ട്


ഫൈസൽബാവ 
കേരളം ച്ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എല്ക്കുന്നവർ കേഴുന്ന ഇടമായി ഈ ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. കാടും നാടും വെട്ടി വെളുപ്പാക്കാൻ മുന്നിട്ടിറങ്ങിയവര്ക്കിന്നു ഉത്തരമില്ല. കാടും കുന്നും വെട്ടി ഇടിച്ചു ഇല്ലാതാക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല എന്നാൽ സ്വന്തം ശരീരം പൊള്ളുമ്പോൾ നമ്മുടെ ചർച്ചകൾ കൂടുന്നു. ഇവർ തന്നെ ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി വാശി പിടിക്കുന്നു. ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? എന്നാ ചോദ്യം പൊള്ളുമ്പോൾ മാത്രം  ചോദിക്കേണ്ടതല്ല. ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെ പറ്റി നാം ചിന്തിക്കാൻ മറക്കുന്നു. ആ ഓർമ്മപ്പെടുത്തലുകളാണ് ഈ പൊള്ളലുകൾ തരുന്നത്. “ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” ഈ സിംഫണിയാണ് നാം മനസിലാക്കാതെ  പോകുന്നത്
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, അപ്പോൾ മുങ്ങിയില്ലാതാകാനും സാധ്യത  കൂടുതലാണ് ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.
ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആകുലതകല്ക്കൊപ്പം നിന്നുവേണം നാം ഇപ്പോൾ നേരിടുന്ന സൂര്യതാപത്തെ പറ്റി ചിന്തിക്കാൻ.   കേരളം മരതക കാന്തിയിൽ മുങ്ങികുളിച്ച് കിടക്കുന്നു എന്നൊക്കെ നാം വീമ്പിളക്കി നടക്കുമ്പോളും ദിനം പ്രതി കുറഞ്ഞത് നാല്പത് മരങ്ങൾ എങ്കിലും നാം മുറിച്ചിടുന്നു.  സൈലന്റ് വാലിയടക്കം നമ്മുടെ പ്രധാനപെട്ട കാടുകൾ ഒക്കെ തന്നെ ഭീഷണിയിൽ ആണ്. അതും നാം മുറവിളി കൂട്ടുന്ന വികസന ഭീകരതയുടെ  പേരിലാണ് കൂടുതലും ഭീഷണി എന്നത് നമ്മെ ഇനിയെങ്കിലും ചിന്തിപ്പിക്കണം. നദികളുടെ പ്രഭവസ്ഥാനങ്ങളിലെ വന നശീകരണം മൂലം നദികൾ  വറ്റി വരളുന്നു. എന്നിട്ടും നമ്മൾ ഇപ്പോളും ചിന്തിക്കുന്നത് കാടുവെട്ടി വികസനം കൊണ്ടുവരാനാണ്. ഈ ചിന്തയില നിന്നാണ് മലയാളി മാറേണ്ടത് . സ്വന്തം വീട് നിര്മാണം മുതൽ നമ്മുടെ എല്ലാ മേഖലകളിലും മാറ്റത്തിന് മുതിരണം. ഭൂമിയുടെ നിലനില്പ്പിനു ഈ കൊച്ചു ഇടത്തിനും കാര്യമായ പങ്ക് ഉണ്ടെന്ന ബോധം ഏവരിലും ഉണ്ടാകണം. പൊള്ളുന്ന സമയത്തെങ്കിലും ഈ ചിന്ത നമ്മളിൽ പടരട്ടെ.

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ”


                                                                 


ഇന്ദിരാബാലൻ
                        
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു.
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. .
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു.
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര.
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു.
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു.
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു.
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്.
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു.
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കിക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.

യക്ഷരാഗം



  എസ്‌  സരോജം
ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊ
രഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്റെ സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ .......
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്റെ വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ?
ശിലയുടെ ദാഹം അദ്ദഹത്തിനറിയില്ലെന്നുണ്ടോ ?
ഹൃദയത്തിന്റെ അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്റെ യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി ഉണ്ടായിരുന്നു . മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്റെ ശില്പമായിരുന്നു അത്
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി .
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാ നിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്റെ പ്രതിഷേദ്ധധസ്വരമുയർന്നു .
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം
എന്റെ സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു :
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്റെ സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .........

പ്രോമിത്യൂസ്



 ശ്രീജിത്ത്‌ മൂത്തേടത്ത് 
കഴുത്തില്‍ കുരുക്കുകള്‍
വീണിടും മുമ്പേ ശതം
ശാഖികള്‍ ഛേദംചെയ്തു
നഗ്നനായ് നിര്‍ത്തീനിന്നെ.

അംഗഛേദ്യത്തിന്‍ മുറി -
വായയില്‍നിന്നും നിണം
നേര്‍ത്തചാലുകള്‍ തീര്‍ത്തു
ഒഴുകിപ്പരക്കുന്നു.

നീതന്നോരക്ഷരത്താല്‍,
നീ തന്നോരഗ്നിയാലും
ജഗത്തിന്‍ ഗര്‍വ്വശൈലം
താണ്ടി രമിപ്പോര്‍ ഞങ്ങള്‍.

കീഴ്ക്കാം തൂക്കാം ശിലാ -
ഭിത്തിയില്‍‌ പിടഞ്ഞൊരാ
നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു
കഴുകന്‍ ഭുജിച്ചപോല്‍,

പ്രാണപീഡയാല്‍ തളര്‍ -
ന്നാധിയാല്‍ ദൂരെമാറി,
മൃത്യുതന്നഞ്ജിപോലും
അകന്നു കഴിയുന്ന,

നിന്നുടലനുവാരം
മഴുതന്‍ മൂര്‍ച്ചയാലെ
മടികൂടാതെ ഞങ്ങള്‍
പിളര്‍ക്കാന്‍ ശ്രമിക്കുന്നു.

ഏകമാം പ്രഹരത്താല്‍
പ്രാണനും പറിയുന്ന
മനുഷ്യപ്രാണികള്‍തന്‍
ഭാഗ്യത്തിന്‍‌ വിഭിന്നമായ്,

ദേവശ്രേഷ്ഠനാം തവ
പ്രാണനാശം പോലും
സാവധാനത്തിന്‍ ശപ്ത
പ്രകര്‍‌ഷണത്താലല്ലോ.

കടയ്ക്കല്‍ ദുര്‍ദര്‍ശന
യന്ത്രത്താല്‍ മുറിപറ്റി
കഴുത്തില്‍ കുരുക്കിട്ട
കയറിന്‍ ദിശനോക്കി

മല്‍ദേഹം നിപതിക്കെ ,
മറ്റാര്‍ക്കും മുറിയാതെ,
ശ്രദ്ധിച്ചു നെടുനീളെ
നിവര്‍ന്നു കിടന്നു നീ.

പ്രപഞ്ച പ്രാണവായു
പൊഴിക്കും നിന്‍പത്രങ്ങള്‍‌
പൊഴിഞ്ഞുകിടപ്പതിന്‍
പഴിയാരിതുപേറും!

ദാഹാര്‍ത്തി ശമിപ്പിക്കാന്‍
ശീതളസുഖംനല്‍കാന്‍‌
സ്വച്ഛമാം പാനപാഥം
പരിത്രാണം ചെയ്തനിന്‍

വേരിന്‍ ജടാജാല
പടലങ്ങളെപ്പോലും
യന്ത്രനഖമൂര്‍ച്ചയാല്‍
പിഴുതുകളഞ്ഞല്ലോ!

സ്വദേഹം നാനാജൈവ
ഗേഹമായ് നിര്‍ത്തിയോന്‍ നീ
മന്നിടം മഹാബിലം
നിന്റെ ‌ഔദാര്യം മാത്രം.

നിന്‍ഹത്യ പേറിത്തന്ന
ഭ്രാതൃഹത്യതന്‍ പാപം
ശമിപ്പാനെന്തുവേണം
തുഷാഗ്നിയില്‍ ദഹിക്കാതെ!

ഇളംതെന്നലറിയാതെ..


കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
' പല വട്ടം പറഞ്ഞു, മംഗലത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിക്കും. ,ഇനിയൊരിക്കലും...അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം. ......''
സുമി,അമ്മയെ ദേഷ്യപ്പെട്ടു.
,അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .....
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് ...പോകരുതേ''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി, ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'...''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>.....ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം...ജയയിലെത്തി.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,ജയയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു....ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍, ജയ..
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരം സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ...ആര്‍ക്കറിയാം?പക്ഷേ.....നിന്‍റമ്മ,പാവം.അവര്‍ക്കിത് താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ ....എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കാറ്റിലും കോളിലും പെട്ട് ഉലഞ്ഞത്....പൊട്ടിത്തെറികള്‍,തേങ്ങലുകള്‍,പിരാക്ക്‌..,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ..വിരട്ടി തിരിച്ചയച്ചത്,....
ഇപ്പോള്‍ ,സുമിക്ക് കാര്യങ്ങള്‍ വ്യക്തത......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്റേതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി. ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന അമ്മയുടെ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....സുമി .,ഉറക്കെ കരഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍ കടന്നുപോയി....

Ambiliyammavan

DR  k g balakrishnan 

                        Our Uncle Moon!
                        (Brother of Mother Earth);
                        How sweet the concept!
                        My haunting reminiscence!
                        (To day my birthday,
                        Lakshmi has sent the card.)

                        We are in Darwin this time;
                        To celebrate my 68th B’Day;
                        O I’m getting older;
                        But our Uncle Moon debonair;
                        (My mother too never gets old!)
                        My mind too is budding!

                        Here at Darwin, I feared,
                        My uncle might not recognize;
                        This foreign nephew;
                        But, o my loving uncle,
                        You are speaking Malayalam!

                        You bestow the cool caressing;
                        The patting affection on me;
                        I feel, you too accompanied us;
                        From Keralam to North Australia!
                        =========================
                        22-11-2013
                        Note-
                        Ambiliyammavan=Uncle Moon
                        In Keralam, children consider the moon
                        As their loving uncle.
 

ഊന്നുവടികൾ


മോഹൻ ചെറായി
    സ്വാധീനമില്ലാത്ത കാലിന്നുടമകൾ
    സ്വായത്തമാക്കുന്നു ഊന്നുവടികളെ
    സ്വാധീനമുള്ളവർ പൊയ്ക്കാലുകൾ തേടി
    ആധിയോടെന്തിനു പായുന്നു പാരിതിൽ?
    വ്യാധികളേറുമ്പോൾ വൈദ്യനെക്കാണാതെ
    വ്യാളീമുഖം വച്ച വാതിലു തേടിയും
    നിർമ്മാല്യം തൊഴുതുമടങ്ങൽ മടുക്കിലും
    മുഴുക്കാപ്പു ചാർത്തിയ വ്യാധി തുടരവേ
    വ്യാളീ മുഖം വിട്ടു സൂക്തങ്ങൾ കേൾക്കയും
    സൂത്രത്തിലോരോരോ സ്ത്രോമടിക്കയും
    നേർക്കാഴ്ചകൾ കണ്ടു ആധി വർദ്ധിക്കയിൽ
    സൂക്തങ്ങളെ വിട്ടു എത്തി ജാറങ്ങളിൽ
    ജാറങ്ങളിൽ നേർച്ച കാഴ്ച നടത്തയും
    സിദ്ധന്റെ വാഴ്ചയിൽ സംശയം തോന്നയും
    പിന്നെയും പിന്നെയും സംശയം മാറാനെ
    പിഞ്ഞാണമെഴുതിക്കുടിക്കയും ചെയ്തിനേ
    തന്നെയും പിന്നെയും വ്യാധികളേറവേ
    ആൾ ദൈവങ്ങളെ കണ്ടു പൂജ നടത്തയായ്‌
    കിട്ടുന്നതെല്ലാം വിഴുങ്ങുന്നു ദൈവങ്ങൾ
    തട്ടിപ്പറിച്ചങ്ങെടുക്കുന്നു സർവ്വതും
    എന്തു ലഭിച്ചാലും തൃപ്തിയെഴാതെ നാം
    എന്തിനോ വേണ്ടിപ്പരതുന്നു പിന്നെയും
    കിട്ടാത്ത തോർത്തങ്ങു കേഴുന്നു മാനസം
    കിട്ടുന്നതോ മഹാവ്യാധിയാം ആധികൾ
    വ്യാധികൾ മാറ്റിടാൻ കണ്ടിടാം വൈദ്യനെ
    ആധികൾ മന:പ്രക്ഷാളനത്താലെ മാറ്റിടാം
    ഊന്നുവടികൾ വലിച്ചെറിഞ്ഞീടുക
    ഊന്നി നടത്തുക സൽകർമ്മ ജീവിതം !

ഇടങ്കയ്യന്‍ കുട്ടികളെ വലങ്കയ്യാക്കല്ലേ


രാം മോഹൻ പാലിയത്ത് 

മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന സംഗതി എന്താണ്? പലരും പല ഉത്തരങ്ങളും പറയും - സാമാന്യബുദ്ധി, ഓര്‍മശക്തി, ചിരിക്കാനുള്ള കഴിവ്, പൗരധര്‍മം... എന്നാല്‍ ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം മനുഷ്യന്‍ രണ്ടു കാലില്‍ എഴുന്നേറ്റു നിന്നു എന്നതു തന്നെ. അതോടെ അവന്റെ കൈകള്‍ സ്വതന്ത്രമായി. ഒന്നാലോചിച്ചു നോക്കൂ - നമ്മള്‍ ചെയ്യുന്ന കാര്യങ്ങളുടെ 90%-വും കൈകള്‍ കൊണ്ടല്ലെ? അതുകൊണ്ടുതന്നെയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്വന്തം കൈകളാണ് കണികാണേണ്ടത് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. കരാഗ്രേ വസതേ ലക്ഷ്മി, കരമധ്യേ സരസ്വതി, കരമൂല സ്ഥിതേ ഗൗരി, പ്രഭാതേ കരദര്‍ശനം എന്നാണ് വിധി. (കറന്‍സിനോട്ടെണ്ണുന്ന വിരല്‍ത്തുമ്പില്‍ മഹാലക്ഷ്മി, പേനയും മൗസുമിരിക്കുന്ന നടുഭാഗം സരസ്വതി, വാളിന്‍ പിടിയിരിക്കുന്ന അടിഭാഗത്ത് ഗൗരിയും എന്ന് തമാശിനു വേണമെങ്കില്‍ ഇതിനെ പരിഭാഷാം). 

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നന്നത്തെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കണമെന്നും വിശ്വാസമുണ്ട്. കാഴ്ച കൊണ്ടും കേള്‍വികൊണ്ടും ചെയ്യുന്ന പാപങ്ങള്‍ക്കു വരെ മാപ്പിരക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലും ആദ്യത്തേത് കൈകകള്‍ കൊണ്ട് ചെയ്യുന്ന പാപങ്ങള്‍ തന്നെ (കരചരണകൃതം വാ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന). അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് പാലക്കാട്ടെ കൈപ്പത്തിക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിച്ച് ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പുതിയ ചിഹ്നമായി കൈപ്പത്തി സ്വീകരിച്ചതും സത്യത്തില്‍ ഇതിന്റെ തുടര്‍ച്ചയായി വായിക്കേണ്ടതാണ്. അതുംപോരെങ്കില്‍ ബാലചന്ദന്‍ ചുള്ളിക്കാടിന്റെ മനുഷ്യന്റെ കൈകള്‍ എന്ന ഗംഭീരകവിതയും ഉറക്കെച്ചൊല്ലാം.

ഇതിലൊന്നും പക്ഷേ വലതുകൈ എന്നു പറയുന്നില്ല എന്നു ശ്രദ്ധിക്കുക (രാവിലത്തെ കണികാണല്‍ രണ്ടു കൈകളെയും ഒരുമിച്ചാണ്). എന്നാല്‍ ഇംഗ്ലീഷില്‍ റൈറ്റ് ഹാന്‍ഡ് എന്ന പ്രയോഗമുണ്ട്. ഇപ്പോള്‍ അത് മലയാളീകരിച്ചും പ്രചാരത്തില്‍ വന്നിട്ടുണ്ട്. ഒരാള്‍ മറ്റെയാളുടെ വലംകൈയാണ് എന്നു പറഞ്ഞാല്‍ ഏറ്റവും അടുത്ത ആള്‍, ഉറ്റഅനുയായി എന്നെല്ലാം അര്‍ത്ഥം. അല്ലെങ്കിലും പാശ്ചാത്യര്‍ക്ക് പണ്ടേ ഇടത് ഇഷ്ടമല്ലല്ലൊ. 

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം. പാശ്ചാത്യരില്‍ ഒരുപാട് ഇടങ്കയ്യന്‍മാരുണ്ട്. 12 വര്‍ഷം ഗള്‍ഫില്‍ ചെലവിട്ടത് ഓര്‍ക്കുമ്പോള്‍ എനിക്കത്ഭുതം തോന്നാറുണ്ട്. അക്കാലത്തിനിടെ എന്തോരം ഇടങ്കയ്യന്മാരെയാണ് കണ്ടിട്ടുള്ളത്. പാശ്ചാത്യര്‍ മാത്രമല്ല അറബികള്‍, ഫിലിപ്പീനികള്‍... അങ്ങനെ പല നാട്ടുകാരും, കാണുന്നവരില്‍ കാല്‍ഭാഗത്തിലേറെപ്പേരും, പലപ്പോഴും പകുതിയോളം പേരും, ഇടങ്കയ്യന്‍മാരായിരുന്നു. അപ്പോള്‍ ഞാനാലോചിച്ചു കേരളത്തില്‍, ഇന്ത്യയിലും, അധികം ഇടങ്കയ്യേഴ്‌സിനെ കണ്ടിട്ടില്ലല്ലോ എന്ന്. എന്തായിരിക്കും കാരണം? കാരണവും ഗള്‍ഫില്‍ വെച്ചു തന്നെ വെളിപ്പെട്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ബില്‍ഡിംഗില്‍ ഒരു കോട്ടയം ഫാമിലിയുണ്ടായിരുന്നു. അവരുടെ മകന്‍ സിനാന് ഞങ്ങളുടെ മകളുടെ പ്രായം. പഠിത്തം ഒരേ സ്‌കൂളില്‍. പോക്കും വരവും ഒരേ സ്‌കൂള്‍ബസ്സിലും. അങ്ങനെ ബര്‍ത്തേഡേയ്ക്ക് പാരസ്പരം പെപ്‌സിയും കേയെഫ്‌സിയും തിന്നാന്‍വിളി തുടങ്ങിയ അടുപ്പം. അക്കാലത്താണ് സിനാന്റെ ഉമ്മയുടെ ഒരു പരാതി കേട്ടത്, സിനാന്‍ ഇടങ്കയ്യനാണെന്ന്. അവരാകെ പരിഭ്രമത്തിലും. തീറ്റ, വര എല്ലാം ഇടങ്കൈ കൊണ്ടാണത്രെ. അവരാണെങ്കില്‍ വളരെ പണിപ്പെട്ട് അതു മാറ്റി വലങ്കൈ ആക്കാന്‍ ശ്രമിക്കുന്നു. നല്ല റെസ്‌പോണ്‍സ് ഉണ്ടെന്ന്. അതായത് ശിക്ഷയും ശകാരവും ഭയന്ന് അവന്‍ വലങ്കയ്യന്‍ ആയിക്കൊണ്ടിരിക്കയാണെന്ന്. എനിക്കവനെയോര്‍ത്ത് സങ്കടം തോന്നി. കേരളത്തില്‍, ഇന്ത്യയിലും, വലങ്കയ്യന്മാര്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്നും അക്കാലത്ത് എനിക്ക് മനസ്സിലായി. ദുര്‍ബലമായി ഞാനവരോട് പറഞ്ഞു, അത് നാച്വറലായി വരുന്നതല്ലേ, അത് മാറ്റല്ലേ, അവന്റെ മിടുക്ക് ഇടതുകൈ കൊണ്ട് ചെയ്യുന്നതിലായിരിക്കും എന്നൊക്കെ. അവര് ചിരിച്ചുവെന്നു തോന്നുന്നു. ആയിടക്കു തന്നെ ഞങ്ങള്‍ ആ ബില്‍ഡിംഗില്‍ നിന്നു മാറി.

അക്കാലത്തുതന്നെയാണ് ഇടങ്കയ്യന്‍മാരുടെ ആഗോളദിനമെന്ന് പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടത്. ഞാന്‍ ഇടങ്കയ്യന്മാരെ നെറ്റില്‍ത്തപ്പി. ഞെട്ടിപ്പിക്കുന്നതായിരുന്നു അവരുടെ ലിസ്റ്റ്. മിക്കവാറും എല്ലാ മഹാന്മാരും മഹതികളും ഇടങ്കയ്യന്മാര്‍. അതീ ബ്രെയിനിന്റെ ഒരു ഇതായിരിക്കും അല്ലേ? അത് മാറ്റാന്‍ നോക്കുന്നത് എന്ത് ശുദ്ധമണ്ടത്തരം. എന്നാലും കേരളത്തില്‍, ഇന്ത്യയിലും, ഇപ്പോഴും അച്ഛനമ്മമാരും അമ്മായിമാരും ചിറ്റമാരും അയല്‍പക്കത്തുകാരുമെല്ലാം ഇടങ്കയ്യന്മാരായി വെളിപ്പെട്ടു തുടങ്ങുന്ന പാവം കുഞ്ഞുങ്ങളെ ഗുണദോഷിച്ച് വലങ്കയ്യന്മാരാക്കുന്നുണ്ടാവും, എനിക്ക് ഷുവറാണ്. 

സായിപ്പിന്റെ നാട്ടില്‍ കൊടുംതണുപ്പുകാരണം തൂറിക്കഴിഞ്ഞാല്‍ ചന്തിയില്‍ വെള്ളം തൊടീപ്പിക്കാന്‍ വയ്യ. അവര് ടിഷ്യു കൊണ്ട് തുടച്ചുകളയും. കണ്ടിട്ടില്ലേ വിദേശ ടോയ്‌ലറ്റുകളില്‍ പാഞ്ചാലിയുടെ സാരിപോലത്തെ ടിഷ്യു റോളുകള്‍? നമ്മള്‍, വിശേഷിച്ചും മലയാളികള്‍, തൂറിക്കഴിഞ്ഞാല്‍ വിശദമായി കഴുകുന്നവരാണ്. പോരാത്തതിന് കാലവര്‍ഷവും സമൃദ്ധമായിരുന്നല്ലൊ. ചാമദിക്കുക, ഊരകഴുകുക... എന്നിങ്ങനെ അതിനെന്തെല്ലാം പേരുകള്‍. അങ്ങനെ തൂറിക്കഴുകാനുള്ളതാണത്രെ ഇടങ്കൈ. തൂറിയതു കഴുകുന്ന കൈ കൊണ്ട് ചോറുണ്ണന്നതെങ്ങനെ എന്നാണ് വലതുപക്ഷ മൂരാച്ചികളുടെ ചോദ്യം. അങ്ങനെയാണ് അവര് ഇടതുകൈ പിരിച്ച് വളച്ചൊടിക്കുന്നത്. വിവരദോഷികള്‍. തൂറിയതു കഴുകുന്ന കൈ കൊണ്ട് പടം വരയ്ക്കാന്‍ പാടില്ല, എഴുതാന്‍ പാടില്ല, പച്ചക്കറികള്‍ നുറുക്കാന്‍ പാടില്ല... അങ്ങനെ എന്തെല്ലാം. വലതുകാല്‍ വെച്ച് കയറുക എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ വലതുകൈ കൊണ്ട് ചെയ്യുക എന്ന് പറയാറില്ല. അതു പിന്നെ പറയാനുണ്ടോ, പറയാതെ തന്നെ മനസ്സിലാക്കണ്ടേ എന്നാണ്. ടേക്കണ്‍ ഫോര്‍ ഗ്രാന്റഡാണ്. വലതുകൈ കൊണ്ടുവേണം എല്ലാം!

ഭാര്യയുടെ അനിയത്തിയുടെ മകള്‍ ഇടങ്കയ്യാണ്. എട്ടുവയസ്സുകാരി മേഘ (അമ്മു). ഭാഗ്യം, അവളെ ആരും തിരുത്തുന്നില്ല. അവളുടെ അച്ഛമ്മയും ഇടങ്കൈയ്യാണ്. (എന്നു കരുതി ഇത് പാരമ്പര്യമായി മാത്രം വരുന്ന കാര്യമാണെന്നും കരുതേണ്ടാ കെട്ടൊ). ഭാഗ്യം, അവരുടെ കുട്ടിക്കാലത്ത് അവരെ തിരുത്താന്‍ ആരും മെനക്കെട്ടു കാണില്ല. അതുകൊണ്ട് ഇടതുകൈ കൊണ്ട് ചെത്തിപ്പൂളി അവരിന്ന് ലോകത്തിലെ ഏറ്റവും സ്വാദുള്ള പിക്ക്ള്‍സ് ഉണ്ടാക്കുന്നു. അമ്മു ഇടങ്കൈകൊണ്ട് നല്ല ഒന്നാന്തരമായി ഷട്ട്ല്‍ ബാഡ്മിന്റന്‍ കളിക്കുന്നു, പടം വരയ്ക്കുന്നു.

ഞെട്ടാന്‍, ഇതാ പ്രശസ്ത ഇടങ്കയ്യന്മാരുടെ ലിസ്റ്റ്: അലക്‌സാണ്ടര്‍, നെപ്പോളിയന്‍, സീസര്‍, ഗാന്ധി, കാസ്‌ട്രോ, റീഗന്‍, ക്ലിന്റന്‍, അച്ഛന്‍ ബുഷ്, മൈക്കലാഞ്ചലോ, ഡാവിഞ്ചി, പിക്കാസോ, പോള്‍ ക്ലി, ചാപ്ലിന്‍, ബച്ചന്‍, മരിലിന്‍ മണ്രോ, ആഞ്ചലീന ജോളി, ഫോര്‍ഡ്, റോക്ക്‌ഫെല്ലര്‍, ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, ഷെനെ, മാര്‍ക്ക് ട്വയിന്‍, ജെ കെ റൌളിംഗ്, മക്കാര്‍ട്ട്‌നി, പോള്‍ സൈമണ്‍ (പോളേട്ടന്‍ ഗാര്‍ഫുങ്കലേട്ടനിലെ), സോബേഴ്‌സ്, ബോര്‍ഡര്‍, ഗവര്‍, ഗാംഗുലി, മാര്‍ട്ടിന, മക്കന്‍ റോ, കോണേഴ്‌സ്... 

അതുകൊണ്ട് ഇനിയൊരു ജന്മമുണ്ടെങ്കി ഇടങ്കയ്യനാവാന്‍ പ്രാര്‍ത്ഥിക്കാം, മക്കളോ അയല്പക്കത്തെ കുഞ്ഞുങ്ങളോ  ഇടതുകൈ ഉപയോഗിച്ചാല്‍ നെറ്റിചുളിക്കാതിരിക്കാം; പ്രോത്സാഹിപ്പിക്കാം.

ചെരുപ്പുകൾ

സനൽ ശശിധരൻ 

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..

ഒരു പെണ്ണിന്റെ കഥ

രശ്മി കെ എം 

അങ്ങനെ അവള്‍
വ്യഭിചരിക്കാന്‍ തീരുമാനിച്ചു.

പഴയ പഞ്ഞിക്കിടക്ക കുടഞ്ഞു വിരിച്ചു.
കഴുത്തിറക്കമുള്ള ബ്ലൌസിനുള്ളില്‍
എന്തെല്ലാമോ ഒളിക്കുന്നതായി ഭാവിച്ച്
പഞ്ചായത്തു റോഡിലൂടെ നടന്നുനോക്കി.
കല്‍ച്ചീളു തട്ടി ഉപ്പൂറ്റി മുറിഞ്ഞു
ചീട്ടുകളിപ്പുരയുടെ ജനലിലൂടെ
ഭര്‍ത്താവ് ഉച്ചത്തില്‍ തെറി വിളിച്ചു.

വൈകുന്നേരം
തോട്ടിന്‍ കരയിലവള്‍
കുളിക്കാനെന്ന മട്ടില്‍ തുണിയുരിഞ്ഞു.
ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ക്കു വേണ്ടി
മലര്‍ന്നും ചെരിഞ്ഞും നീന്തി.
കുളിച്ചു കയറുമ്പോള്‍
തവളകള്‍ കളിയാക്കിച്ചിരിച്ചു.

വിളക്കില്‍ എണ്ണ തീര്‍ന്നതിനാല്‍
രാത്രി, വീടുമുഴുവന്‍ ഇരുട്ടായിരുന്നു.
അവള്‍ക്കു അവളെത്തന്നെ കാണാന്‍ കഴിഞ്ഞില്ല.

പഞ്ഞിക്കിടക്ക തണുത്തുപോയിരുന്നു
അവള്‍ വാവിട്ടു കരഞ്ഞു.

അത്രയ്ക്കു വിശക്കുന്നുണ്ടായിരുന്നു.

അധ്യാപകൻ/ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് -

പരിഭാഷ: വി.രവികുമാർ 

Langston-Hughes-with-hat-on-508x350



നക്ഷത്രങ്ങൾ പോലെയാണാദർശങ്ങൾ,
നമ്മുടെ കൈയെത്തുന്ന ദൂരത്തല്ലവ.
പഠിക്കാൻ എളിമയോടെ ഞാൻ ശ്രമിച്ചു,
ഞാൻ പഠിപ്പിച്ചതതിലുമെളിമയോടെ.

നേരുള്ളതായ നന്മകളൊക്കെ
മുറുകെപ്പിടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
നല്ലവനാവണമെന്നെനിക്കുണ്ടായിരുന്നു,
അതുകൊണ്ടാത്മാവൊന്നു ഞെരുങ്ങിയെങ്കിലും.

ഇന്നു തണുത്ത മണ്ണിനടിയിൽ ഞാൻ കിടക്കുന്നു,
കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ മറന്നും കഴിഞ്ഞു.
ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
ഒരു വിളക്കിന്റെ നാളവുമില്ല വെളിച്ചം പകരാൻ.

ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
നക്ഷത്രത്തരികളൊരിക്കലും ചിതറിവീഴില്ല.
ഓർക്കുമ്പോൾ ഞാനൊന്നു വിറക്കൊള്ളുന്നു:
ഒന്നിലും കാര്യമില്ലെന്നിരുട്ടെന്നെപ്പഠിപ്പിച്ചാലോ?

മരത്തിന്റെ കഥ

ബി .ഷിഹാബ് 

ഞങ്ങളുടെ പുരയിടത്തിലൊരു
വന്‍മരം ജീവിച്ചു
കാലവര്‍ഷം വരുമ്പോള്‍
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്
പഴുത്ത ഇലകളോടൊപ്പം
പച്ച ഇലകളും
തളിരിലകളും കൊഴിഞ്ഞു!
ചിലപ്പോള്‍ കൂട്ടത്തില്‍
ചില്ലകളൊടിഞ്ഞു!
ചിലപ്പോള്‍
വന്‍ ശിഖരങ്ങളൊടിഞ്ഞു.
ഒരു ദിവസം കൊടുങ്കാറ്റില്‍
വന്‍മരം കടപുഴകി കിടന്നു.
കടപുഴകിയ മരത്തില്‍ നിന്നും
കിളികളും കുടുംബവുമൊരു
ഞെട്ടലിനൊടുവില്‍
അടുത്ത മരത്തിലേക്ക് ചേക്കേറി
ഉറുമ്പും കുടുംബവും
മരത്തിനുചുറ്റും തേരാപാരാ നടന്നു.
തേന്‍കുടം നിറഞ്ഞു തുളുമ്പീടവെ തേനീച്ചകള്‍
ഭരണകൂട സുരക്ഷയ്ക്കായ്
രാജ്ഞിക്കു ചുറ്റും മൂളിപ്പറന്നു !
വടിയും, വാളും,
കയറും, കഴുകന്റെ കണ്ണുമായ്
രണ്ട് മൂന്ന് പേര്‍
മരത്തിനരികില്‍
വന്നു ചേര്‍ന്നു.
ഒരു മഹാശൂന്യത
മനസ്സില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി.

ആ, ഋ തുടങ്ങിയ അക്ഷരങ്ങൾ


  വി  ജയദേവ് 

എഴുന്നേറ്റു രാത്രി
ഒരുപ്പോക്കായിരുന്നു.
കിടന്നിടത്ത് ഒരു
മണം പോലും
ബാക്കിവയ്ക്കാതെ.
പോയ വഴിക്കൊന്നും
ഒരു പുല്ലു പോലും
കിളിർപ്പിക്കാതെ.
കത്തിച്ചിട്ടും ചാരമാകാത്ത
ഒന്നുരണ്ടു ഓർമ
മാത്രമുണ്ട് തൊണ്ടിയായി.
പുറപ്പെട്ടുപോയി എന്ന
കുറ്റമെന്നെങ്കിലും
തെളിയിക്കണമെങ്കിൽ.
ഉടുത്തിരുന്ന രാത്രി,
പുതച്ചിരുന്ന ആകാശം,
അണിഞ്ഞിരുന്ന മുഖംമൂടി..
എല്ലാം മുഷിയാതെ
മടക്കിവച്ചിരുന്നു.
വരും വരും എന്നുവച്ച്
അതേപടി വച്ചിരിക്കുകയാണ്.
എന്നാലോ, ചില വഴികളുണ്ട്,
മുന്നോട്ടു മാത്രം
നടക്കുന്നവ.
ഒരു വശത്തേക്ക് മാത്രം
മടക്കാൻ സാധിക്കുന്നവ.

ഒഴുകുന്ന വഴി ......


ഷംസ് കിഴടയിൽ 

മഴ വർത്തമാനത്തിൽ പെയ്ത്
ഭൂതകാലത്തിലേക്ക് ഒഴുകുന്നു

ഒരു കുടയും
രണ്ടാത്മാക്കളും
കുറെയേറെ കിനാക്കളും
മഴക്കൊപ്പം ഒഴുകുന്നു

മഴ ആർത്തലച്ചു പെയ്യുമ്പോൾ
ഒഴുക്കിന് ശക്തി കൂടി വരുന്നു

വഴി രണ്ടായി പിരിയുന്നിടത്ത്
മഴ രണ്ടായി ഒഴുകി

വഴി വക്കിൽ ഒരു കുടമാത്രമായി ...

പെണ്ണ്

രശ്മി  രാമചന്ദ്രൻ 

1. മാറാത്ത നിയമങ്ങൾ --------------------------------
പെണ്ണ്, നീ വെറും പെണ്ണ്...
കാമവും ക്രോധവുമരുത്
പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലു-
മരുതരുതരുത്...
അവനെ അനുസരിക്കേണ്ടവള്‍
പരിഗണിക്കേണ്ടവള്‍, അവന്
സ്നേഹം പകർന്നു നല്കേണ്ടവള്‍
തീര്‍ന്നില്ല, തീര്‍ന്നില്ല ഒന്നുകൂടി...
തിരിച്ചിതൊന്നും കിട്ടരുതാത്തവൾ!

2. അവൾക്കു ചോദിക്കാനുള്ളത്
--------------------------------------------
പഴുത്തു നാറുന്ന മോതിരവിരല്‍
മുറിച്ചു മാറ്റണോ കാലമാം വൈദ്യരേ?
കഴുത്തില്‍ പിണയുന്ന സ്വര്‍ണ്ണ നാഗം
പത്ത്, നൂറ്, ആയിരം തലയാല്‍
ആയിരം ദംഷ്ട്രയാല്‍ ദംശിക്കെ
വിഷം തീണ്ടി മരിക്കണോ ലോകരേ?

3. സങ്കല്പം
-----------------
കൊമ്പ്, കുഴല്‍ , വാദ്യമേളം
കാതടപ്പിക്കുന്ന ചെണ്ട...
മുടിയഴിച്ചിട്ട് തുള്ളുന്ന ദേവി, പെണ്ണ് !
കയ്യില്‍ വാള്‍ , കാലില്‍ ചിലമ്പ്
മാറില്‍ തുള്ളുന്ന തലയോട്ടിമാല!
അറിവില്ലാപ്പൈതങ്ങളെക്കാത്തോളണേ...

4. സത്യം
-------------
കാലിൽ കിലുങ്ങുന്ന പാദസരമില്ല-
വൾക്കുള്ളതോ കാരിരുമ്പിൻ ചങ്ങല...
കൂട്ടിലടച്ച കിളിക്ക് പാലും പഴവും
നെയ്യും കല്ക്കകണ്ടവും വേണ്ടുവോളം.
എന്നാലവള്‍ക്കു വേണ്ടതോ
ഒരു കുഞ്ഞുപൂവിലെ തേന്‍തുള്ളി!

5. ജീവിതം
---------------
"പ്രണയം, സ്വപ്‌നങ്ങള്‍ , ജീവിതം
തെല്ലും അര്‍ത്ഥമില്ലാത്ത വാക്കുകള്‍ "
സമ്മതിക്കില്ല ഞാന്‍ , നിന്റെ വേദാന്തം
ഇല്ലില്ല, പ്രണയമില്ലാതെ ജീവിതം
വർണ്ണങ്ങൾ വറ്റിയൊരു ചിത്രമായ്‌
വരികള്‍ തെറ്റിയൊരു കവിതയായ്
ഈണമേയില്ലാത്ത പാട്ടായി
പ്രണയമില്ലാത്തോരീ ജീവിതം.

6. ഒടുക്കം
--------------
കാറ്റ്, വീശിയടിക്കും പെരുങ്കാറ്റ്...
ഭ്രാന്ത്, ചുഴലിവീശിപ്പേമാരിപോൽ...
തലച്ചോറിലൊരായിരംഎട്ടുകാലി-
ക്കുഞ്ഞുങ്ങൾ പുളയുന്നു...
ഇടനെഞ്ചിൽ കടയുന്ന വേദനച്ചുഴിയില്‍
ശ്വാസംമുട്ടാതെ, ദൂരെപ്പോ!
നെഞ്ചിലെപ്പെരും പ്രളയത്തില്‍
മുങ്ങിച്ചാകാതെ ദൂരെപ്പോ!
സ്വപ്നങ്ങളെരിയുന്ന മിഴിയിലെ-
ച്ചിതയില്‍ ചാമ്പലാകാതെ മാറിപ്പോ...!

ക്ഷണികം

ബി. സുരേഷ്കുമാർ
പുല്ലങ്ങടി

...........
ഒരു വസന്തത്തി-
നോർമ്മക്കുറിപ്പുപോൽ
സൂര്യകാന്തികൾ
മാഞ്ഞു പോകുന്നു.
നെഞ്ചിലേതോ
നെരിപ്പോടുമായൊരു
ചേരി ദൂരേയ്ക്കു
നീണ്ടു പോകുന്നു .
സിരകളിൽ സ്പന്ദ -
വേഗം കുറഞ്ഞോരു
പുഴ മൃതിയിലേ-
യ്ക്കൊഴുകി നീങ്ങുന്നു .
വിണ്ടുണങ്ങുന്ന
മണ്ണിന്റെ നിശ്വാസ
മഗ്നിയായ്,കൊടും -
കാറ്റായടിക്കുന്നു .
ധ്യാനലീനം മഹാ -
മൗനബദ്ധരായ്
ശിഖരികൾ സർവ-
സാക്ഷിയായ് നിൽക്കുന്നു.
ക്ഷണികയാത്രത-
ന്നോർമ്മപ്പെടുത്തലായ്
മണിമുഴങ്ങുന്നു
ദേവാലയങ്ങളിൽ .
ഇവിടിറങ്ങട്ടെ
സഞ്ചാരവണ്ടിത -
ന്നൊടുവിലത്തെയീ-
യേകാന്ത യാത്രികൻ .
................... .....


പിരിയും നേരത്ത്....


ശിവശങ്കരൻ കാരാവിൽ 
============
ഇത്തിരി ദൂരമേ
ബാക്കിയുള്ളെന്‍
ചങ്ങാതീ...

ഈ ഇത്തിരിവട്ടം.

അതൊന്നു
ചുറ്റിത്തീരുംവരെ മാത്രം.

എന്തിനീ പ്രദിക്ഷണവഴിയില്‍
ഇടയ്ക്കിടം തിരിഞ്ഞുനില്പു നാം?

ഒന്ന് ചിരിച്ചീടുക...

പിരിയുംനേരത്തും
ഒറ്റയ്ക്കു നാം..!!

മനസ്സിലേക്ക് സൈക്കിളോടിച്ചു കയറ്റിയ പുസ്തകത്താളുകൾ


ഷൈനി  ടി.കെ 

വായനയുടെ 2 ദിന രാത്രങ്ങൾ പിന്നിടുമ്പോൾ  "ആമ്സ്ടര്ടാമിലെ സൈക്കിളുകൾ " എന്റെ യാത്രാനുഭവങ്ങളുടെ ഭാഗമായി തീര്ന്നിരിക്കുന്നു.. 20 അധ്യായങ്ങളിലൂടെ , ഒരു ചൂളമടിച്ച്ചുകൊണ്ട് സൈക്കിളോടിച്ചു പോകുന്നത്ര ലളിതവും മനോഹരവുമായ ആഘ്യാന ശൈലി . ഒരു സൈക്കിൾ യാത്രാ കുറിപ്പ് ആണെന്ന മുൻവിധിയോടെയാണ് പുസ്തകം തുറന്നതെങ്കിലും ഹോളണ്ടിലെ  ജനതയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെയും ,അവരുടെ സംസ്കാരത്തെയും , സൈക്കിൾ എന്ന സഞ്ചരിക്കുന്ന കണ്ണാടിയിലൂടെ നോക്കിക്കാണാനും ആ കണ്ണാടി തിരിച്ചു പിടിച്ചു സ്വയം നോക്കിക്കാണാനും പ്രേരിപ്പിക്കുന്ന ലോകപശ്ചാത്തലമാണ് എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്നത്.

സൈക്കിളുകൾ നെതർലൻസിന്റെ "ആത്മാവാണെന്നു , സുഹൃത്ത്‌  Dambar ന്റെ ഫോട്ടോ ഷൂട്ടുകളിലൂടെ, പറയാതെ പറയുന്ന entry point ൽ നിന്നും എഴുത്തുകാരനൊപ്പം ഞാനും എന്റെ സൈക്കിൾ ചവിട്ടിത്തുടങ്ങി. ആമ്സ്ടര്ടാമിലെ പേരറിയാത്ത തെരുവീഥികളിലൂടെ പല കാഴ്ചകളും വിസ്മയിപ്പിച്ചു കടന്നുപോകുന്നു..കൈകോർത്തു സൈക്കിളോടിക്കുന്ന കമിതാക്കൾ, ഒരുകുടുംബത്തെ  മുഴുവൻ  തണ്ടിലേറ്റുന്ന  സൈക്കിളുകൾ  , സൈക്കിളുകൾക്ക് മാത്രമായി റോഡുകൾ , മറ്റെല്ലാ വാഹനങ്ങളും അവയ്ക്ക് വഴിമാറുന്ന മര്യാദകളും നിയമങ്ങളും. കോടി വിലയുള്ള ബെന്സ് കാറിന്റെ മണ്ടയിൽ സൈക്കിൾ കാട്ടി നിങ്ങളെന്നെ ചിരിപ്പിച്ചു കൊന്നു (മണ്ടൻ എന്ന് പറയാൻ വരട്ടെ ,  കാറുകൾക്ക് പാതയൊരുക്കുന്നതു സൈക്കിൾ നികുതി ദാതാക്കൾ ആയിരിക്കുമ്പോൾ ഹോളണ്ടിൽ സൈക്കിളിനു എന്തുമാകാമല്ലൊ..)


പിന്നീട് ,  സാമ്പത്തിക മാന്ദ്യം മുന്നില്കണ്ട് "വില്പ്പനക്ക്" ച്ചിരിക്കുന്ന പള്ളികളുടെയും മടങ്ങളുടെയും കാഴ്ച്ചകളിലേക്കും"ജങ്കി"കളെയും വേശ്യകളെയും സമൂഹത്തോട് ചേർത്തുനിർത്തുന്ന എനിക്കന്യമായ സോഷ്യലിസ്റ്റു കാഴ്ച്ചപ്പാടിലേക്കും  ഈ പുസ്തകം എന്നെ കൊണ്ടുപോകുന്നു. ഈ ഇന്ത്യാ  മഹാരാജ്യത്തെ ഒരു കോണിലിരുന്നു എന്റെ നാടിന്റെ മുഖം മൂടി വലിച്ചു കീറി ഞാനും മൌനമായി ഉറക്കെ പ്രതികരിച്ചു  "ഗ്രേറ്റ് ".
ലോകത്തെവിടെയും ദാരിദ്ര്യം, വേശ്യാവൃത്തി , എന്നീ അവസ്ഥകളിൽ മനുഷ്യന്റെ കണ്ണിലെ ദൈന്യതക്ക് സമുദ്രത്തേക്കാൾ ആഴമുണ്ടെന്ന് "കാസ്സ റോസ്സയിലെ ലൈവ് ഷോ" യിലൂടെ കാട്ടിത്തന്നുകൊണ്ട്‌ എഴുത്തുകാരാ നിങ്ങളെന്റെ കണ്ണു നിറയിച്ചു.

അതിനു ഞാൻ പകരം വീട്ടിയത്  ഹേഗിലെ "പോളിറ്റ് ബ്യുറോ " യിൽ നിന്ന് നിങ്ങള്ക്ക് പണി കിട്ടിയപ്പോഴാണ് .
പിന്നെയും ,വെറും ഒരു "ണിം" നാദത്തിൽ ബെല്ജിയതിന്റെ രാജ്യാന്തരാതിർത്തി കടക്കുന്നതിന്റെ ത്രിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടപ്പോഴും ആ പഴയ പ്രതികാരം ഞാൻ വീട്ടിയപോലെ തോന്നി. ആ സന്തോഷത്തിൽ  ഞാനും എന്റെ സൈക്കിളിൽ ,അതിര്ത്തി കടന്ന് അപ്പുറത്തെ പാക്കിസ്ഥാനിലേക്കൊന്നു പോയി,  വെടികൊണ്ട് തുള വീണു ചിന്നിച്ചിതറിയ മുഖവുമായി തിരിച്ചുവന്ന് എന്റെ അഹങ്കാരത്തിന്റെ കോട്ട "ണിം " ന്നഴിച്ചുവച്ചു. മൊബൈലിൽ നിന്നുള്ള ഒരു "ണിം " നാദത്തിൽ അലിഞ്ഞു പോകുന്ന വേര്തിരിവ് ഒരു സൈക്കി ളിൽ അനുഭവവേദ്യമാക്കിയ  സുഹൃത്തേ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
എഴുത്തുകാരാ, വായനയുടെ ഒടുവിൽ ഞാനും നിങ്ങളോടൊപ്പം നില്ക്കുന്നു..Yes ..'Every cycle is green'.......എന്നെ  മോഹിപ്പിച്ചുകൊണ്ട്‌ വീടിനു മുന്നിൽ എണ്ണയിട്ടു മിനുക്കി വച്ചിരിക്കുന്ന അച്ഛന്റെ സൈക്കിൾ . ഒന്ന് ചുറ്റിയിട്ടു വന്നാലോ എന്ന് ഞങ്ങൾ രഹസ്യം പറഞ്ഞു ...തുരുംബെടുത്തു പോയ എന്റെ ഓപ്പഫെയറ്റ്  , നീ സൈക്കിൾ ആയി പുനർജനിക്കുമെങ്കിൽ ....ആമ്സ്ടര്ടാമിലെ സൈക്കിളായി പുനർജനിച്ചുവെങ്കിൽ .....
                               
               സൈക്കിൾ  കാഴ്ച്ചകൾക്കും സവാരിക്കും  കടപ്പാട് : "ആമ്സ്ടര്ടാമിലെ സൈക്കിളുകൾ"
                                                                                          BY Mr . Raju  Raphael .

ഭഗവദ്ഗീതയുടെ പുനരുപയോഗം

എം.കെ.ഹരികുമാർ
 


ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്‌, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ്‌ 'ഖസാക്കിന്റെ ഇതിഹാസം'. എന്തിനാണ്‌ ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്‌. ഈ നോവലിന്‌ മുമ്പോ ശേഷമോ മലയാള നോവലിന്‌ ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്‌.

നോവലിന്‌ സ്ഥൂലമായ പ്രതലങ്ങൾ മതിയെന്ന്‌ വിചാരിക്കുന്നവരുണ്ട്‌. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ സഞ്ചാരത്തിലൂടെ വായനക്കാരൻ എത്തിച്ചേരുന്നത്‌ വായനക്കാരൻ ശൂന്യതയിലാണെന്നുമാത്രം. തനിക്കറിയാവുന്നതെല്ലാം നോവലിസ്റ്റ്‌ പറയുന്നു എന്ന്‌ വായനക്കാരന്‌ തോന്നും. അയാൾ വായനക്കായി ഉപയോഗിച്ച സമയത്തെ പഴിക്കരുതല്ലോ എന്നോർത്ത്‌, മറ്റൊന്നും പറയുന്നില്ലെന്നുമാത്രം. 'ഖസാക്കിന്റെ ഇതിഹാസം' സ്ഥൂലമായ പ്രതലത്തിലല്ല, ഒരാളെ അയാളുടെ അകംലോകങ്ങളിലേക്ക്‌, ജ്ഞാനരഹസ്യാത്മക ദ്വീപുകളിലേക്ക്‌ നയിക്കുന്ന കൃതിയാണ്‌. ഇതിന്‌ സമാനമായ ഒരു നോവലും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ടി.ആറിന്റെ 'കൊരുന്ന്യേടത്ത്‌ കോമുട്ടി', കോവിലന്റെ 'തോറ്റങ്ങൾ', വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്മൃതികാവ്യം', കൽപറ്റ ബാലകൃഷ്ണന്റെ 'അകംപൊരുൾ പുറംപൊരുൾ', ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും'. മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം', കാക്കനാടന്റെ 'അജ്ഞതയുടെ താഴ്‌വര', ബഷീറിന്റെ 'ബാല്യകാലസഖി', തകഴിയുടെ 'ഏണിപ്പടികൾ' എന്നീ നോവലുകളാണ്‌ മലയാള നോവലിന്റെ ആഖ്യാനകലയ്ക്ക്‌ എന്തെങ്കിലുമൊക്കെ സംഭാവന നൽകിയിട്ടുള്ളത്‌. എന്നാൽ ഈ നോവലുകളെല്ലാം കലയുടെ കാര്യത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പിന്നിലാണ്‌. മലയാള ഭാഷയുടെ പുതിയ സാധ്യതയാണ്‌ വിജയൻ തുറന്നത്‌. മലയാളംകൊണ്ട്‌ ഇതുവരെ ആവിഷ്കരിക്കാൻ കഴിയാതിരുന്ന ചില യാഥാർത്ഥ്യങ്ങളെ വിജയൻ പുറത്തു വിട്ടു. അതുപോലെ, വെളിപാടുപോലെ തനിക്കു ലഭിച്ച സൊ‍ാചനകളെയും ചിന്തകളെയും പകരാൻ പറ്റിയ നവമായൊരു മലയാളത്തെയും അദ്ദേഹം കണ്ടെടുത്തു. ഇതു രണ്ടും സമ്മേളിക്കുന്നത്‌ അപൂർവ്വമാണ്‌ പുതിയ യാഥാർത്ഥ്യം, പുതിയ ഭാഷ ഇതാണ്‌ 'ഖസാക്കിലൂടെ' പുറത്തുവന്നത്‌. മലയാള നോവലിൽ ഇത്തരം അന്വേഷണങ്ങൾ പൊതുവെ ഇല്ലല്ലോ.

എന്തുകൊണ്ട്‌ ഭാഷ?

മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മഹത്തായ വാക്യം വിജയന്റേതാണെന്ന്‌ ഞാൻ വിചാരിക്കുന്നു. ഇതാണ്‌ ആ വാചകം. "കാവിക്കച്ച ചുറ്റി ചവിട്ടുവഴിത്താരയിലൂടെ കുന്നുകയറി വള്ളമിറങ്ങി ബസ്സുനിരത്തിലേക്ക്‌ നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത്‌ രൂപംകൊള്ളുകയായിരുന്നു." ഖസാക്കിലെ ഈ വാക്യം വ്യത്യസ്തമായ ചിന്തയെയും പദസംസ്കാരത്തെയുമാണ്‌ പ്രസരിപ്പിക്കുന്നത്‌. മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത്‌ രൂപംകൊള്ളുന്നു എന്നുപറഞ്ഞാൽ, അത്‌ ഒരാളുടെ ഉള്ളിലെ ഇമേജറിയാണ്‌. രവിയുടെ മനസ്സിന്റെ, സ്വഭാവത്തിന്റെ തന്മാത്രകൾ പോലും ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തോടും പ്രകൃതിയോടുമുള്ള ബന്ധം അയാൾ ഉള്ളിലാണ്‌ അനുഭവിക്കുന്നത്‌. അതുവരെ അവിടെ ഇല്ലാതിരുന്ന പാറകളും ചെടികളുമാണ്‌. ഇങ്ങനെ പെട്ടെന്ന്‌ ഉയിര്‍ത്തുവന്നതെന്ന ധ്വനി ഈ വാക്യത്തിലുണ്ട്‌. യഥാർത്ഥിൽ ആ പാറകളും ചെടികളും അവിടെയുണ്ടായിരുന്നു. എന്നാൽ രവിക്ക്‌ അത്‌ പുതുതായി രൂപം കൊള്ളുന്നതാണ്‌. ഈ രൂപാന്തരം മലയാളഭാഷയിൽ പുതിയ നിറം കൂട്ടിച്ചേർക്കുന്നതുപോലെയാണ്‌ അനുഭവപ്പെടുന്നത്‌.


'കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ്‌ തന്നെ സ്പർശിച്ചെന്ന്‌ തോന്നി' എന്നെഴുതുമ്പോഴും മലയാളത്തിന്‌ വിസ്തൃതി ലഭിക്കുകയാണ്‌. മനനം ചെയ്തുകൊണ്ടുള്ള ഈ എഴുത്താണ്‌. 20-നൂറ്റാണ്ടിലെ നമ്മുടെ ഗദ്യത്തിന്‌ ഉൾക്കനം നൽകിയത്‌. മനനമില്ലാതെ അദ്ദേഹം ഒന്നുമെഴുതിയിട്ടില്ല. മനനമില്ലാതെ, യുക്തിയിലൂടെ മാത്രം സഞ്ചരിച്ചും എഴുതാം; ആനന്ദ് എഴുതുന്നതുപോലെ. എന്നാൽ വിജയന്റെ ഭാഷയുടെ മാനം ഉണ്ടാകില്ല. ഭാരതീയമായ ദർശനങ്ങളെ തന്നിൽനിന്ന്‌ വേർപെടുത്താൻ കഴിയാതെ വിജയൻ നിലകൊണ്ടു. ശ്രീകൃഷ്ണന്റെ അദ്വൈതവുമായിട്ടായിരുന്നു കലഹവും ഒത്തുതീർപ്പും. കൃഷ്ണചരിതമെഴുതുന്നവരുടെ കൃഷ്ണദർശനമല്ലിത്‌. ഭാരതീയ പശ്ചാത്തലത്തിൽ, ചിന്താപരിസരത്ത്‌ നിന്ന്‌ മാറ്റിനിർത്തിക്കൊണ്ട്‌, അനുഭവപരമായ പഥങ്ങളിലൂടെ വിജയൻ എത്തുന്നത്‌, സ്വന്തം ഭാരതീയതയുടെ കണ്ടെത്തലിലാണ്‌. ഉള്ളിൽ നിന്ന്‌ വീണ്ടെടുക്കുന്ന ഭാരതീയത.

ഉപനിഷത്തോ, വേദമോ വായിച്ച്‌, അതിനോട്‌ ഇടഞ്ഞശേഷം, സ്വന്തം ശരീരത്തിനുള്ളിൽ നിന്ന്‌ ഔപനിഷദികമെന്ന്‌ വിശേഷിപ്പിക്കാവുന്ന, ആന്ത്യന്തികമായ രമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരതകളെ കണ്ടെത്തി തരുന്നു.
മലയാള അക്കാദമിക്‌ നിരൂപണത്തിന്‌ ഇപ്പോഴുള്ളത്‌ ദർശനദാരിദ്രമാണ്‌. സവർണ, അവർണ ദ്വന്ദ്വങ്ങളിലും അധിനിവേശ, സാമ്രാജ്യത്വ ഹാങ്ങോവറുകളിലും കുടുങ്ങിക്കിടന്ന്‌, അവർ വൈയക്തികവും, സാർവലൗകികവുമായ പരമസൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ കാണാതെ പോകുന്നു. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നതോ, സമരത്തിൽ പങ്കെടുക്കുന്നതോ മാത്രമാണ്‌ യഥാർത്ഥ രാഷ്ട്രീയം എന്ന്‌ അവർ വിചാരിക്കുന്നു. എന്നാൽ റോഡരുകിൽ നിൽക്കുന്ന അരയാലിനും രാഷ്ട്രീയമുണ്ട്‌. ഓരോ വാക്യത്തിനും രാഷ്ട്രീയമുണ്ട്‌. അത്‌ മറ്റു പ്ലാനറ്റുകളുമായുള്ള ബന്ധങ്ങളിൽ നിന്നാണ്‌ ഉണ്ടാകുന്നത്‌. വിജയന്റെ രാഷ്ട്രീയം. തന്റെ അപാര വിനിമയങ്ങളുടെ നേർരേഖകളിലൂടെ, ചുറ്റുമുള്ള ലോകത്തിന്റെ എണ്ണമറ്റ സംഭാഷണങ്ങളിൽ ശ്രദ്ധാലുവായി എന്നതാണ്‌. വലിയൊരു പ്രവർത്തനം അതിലുണ്ട്‌. വിജയന്റെ ഇന്ത്യയെ കണ്ടെത്തൽ എന്താണെന്നറിയാതെ, ചിലർ അദ്ദേഹത്തിലും ചാർത്തി, ആ പഴയ തുരുമ്പിച്ച പിച്ചളമാല - സവർണപക്ഷപാതി. ഇത്രയും ദയനീയമായ വിമർശനം വിജയൻ നേരിട്ടിട്ടുണ്ടാവില്ല. വസ്തുതകളുടെ ആഴത്തിലേക്ക്‌ പോകാൻ പ്രയാസമുള്ളവർക്കെല്ലാം ഈ ചതിപറ്റും.

ദുഃഖത്തിന്റെ ഹൃദ്യത, സ്നിഗ്ധതയുടെ വാൾമുന തുടങ്ങിയ പ്രയോഗങ്ങളിൽ വലിയൊരു ആന്തരിക ജീവിതമാണുള്ളത്‌. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനുശേഷം വന്ന കൃതികളിലൊന്നും ഇതിനെ മറികടക്കുന്ന ഭാഷ കണ്ടിട്ടില്ല. ഖസാക്കിലെ ദൈവപ്പുരയിലെ ദേവതയെപ്പറ്റി രവി ചിന്തിക്കുന്നത്‌. ഭാരതീയതയുടെ ഉള്ളിലെ ചാർവാകനെപ്പോലുള്ളവരുടെ യുക്തിവാദത്തെയും കൂട്ടുപിടിക്കുന്നതാണ്‌. ഇതെല്ലാം ആശയ സംഘട്ടനത്തിന്റെ കലാപരമായ അവതരണമാണ്‌. ആ ഭാഗം ഇതാണ്‌. "അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിഞ്ഞിട്ട്‌ സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ്‌ പൂശാരിയുടെ നൈവേദ്യമുണ്ടുകൊണ്ട്‌ അവളാ പുരയിൽ കുടി പാർത്തത്‌. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളിൽ നിന്ന്‌ ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായൂജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അത്‌ നിരർത്ഥകമല്ലെന്ന്‌ അയാളറിഞ്ഞു." ഈ ഏകാന്തത്തയുടെ അന്തർനാടകത്തിൽ വലിയൊരു പ്രാചീനചരിത്ര സംവാദമാണ്‌ വിജയൻ സംഘടിപ്പിക്കുന്നത്‌. നോവലിന്റെ ബോധധാരയായി ഈ ആഖ്യാനത്തെ നിലനിർത്തുന്നതോടൊപ്പം, കൂടുതൽ അഗാധത നൽകുകയാണ്‌ ഇതിലൂടെ നോവലിസ്റ്റ്‌ ചെയ്യുന്നത്‌.

ദൈവപ്പുരയിലെ ദേവത അഭയാർത്ഥിയാണെന്നും അവളെപ്പോലെയാണ്‌ താനും എന്ന്‌ ചിന്തിക്കുന്നതും ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള നവ ഭാഷ്യമാണ്‌. സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ദേവത ഭയക്കുന്നു. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളെയാണ്‌ താൻ ഭയക്കുന്നതെന്ന്‌ രവിയും പറയുന്നു. മാനവിക ജീവിതത്തിനുള്ളിലെ സേൻസിറ്റിവിറ്റിയെ അതിസൂക്ഷ്മമായി നിലനിർത്തുമ്പോഴേ ഇത്തരം ഭയങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇങ്ങനെ സ്ഥാവര, ദൈവശാസ്ത്ര, ജൈവലോകത്തെയാകെ സംയോജിപ്പിച്ചുകൊണ്ട്‌ ആധുനികതയുടെ കാലത്തെ ഒരു നോവലിസ്റ്റും എഴുതിയിട്ടില്ല. ഈ എഴുത്തുമായി താരതമ്യം ചെയ്യുമ്പോൾ സേതുവിന്റെ 'പാണ്ഡവപുര'മൊക്കെ എത്ര നിർജീവമാണ്‌. സാറാജോസഫിന്റെ നോവലുകളിലാകട്ടെ യാതൊരു ആന്തരിക സംഘർഷങ്ങളുമില്ല. വിജയനാകട്ടെ, ഓരോ വരിയും സംഘർഷത്തിൽ നിന്നാണ്‌ തപ്പിയെടുക്കുന്നത്‌. അതിലുപരി, വാക്യങ്ങളെ മനുഷ്യവികാരങ്ങളുടെ അറിയപ്പെടാത്ത സ്ഥലികളിലേക്ക്‌ കൊണ്ടുപോകുന്നു.

ചില ഉദാഹരണങ്ങൾ കുറിക്കട്ടെ.
1. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്ന യാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട്‌ ഞാൻ പുറത്തേക്ക്‌ പോവുകയാണ്‌ യാത്ര.
2. കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം.
3. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവസ്ഥാനങ്ങളിൽ നിന്ന്‌ കലക്കുവെള്ളങ്ങൾ താഴോട്ടൊഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക്‌ ചേറ്‌ തന്നിൽ നിക്ഷേപിച്ചുകൊണ്ട്‌....
4. മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട്‌ ഞാൻ വീണ്ടും യാത്രയാണ്‌.
5. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ദൂരെ ദൂരെ ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കനൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട്‌ ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.
6. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം.
7. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം.
8. ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു.
9. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം.
10. പള്ളിത്തണുപ്പിന്റെ ആലിലയിൽ അയാൾ കിടന്നു. ആലിലയെ മൂടിക്കൊണ്ട്‌, കനത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു.

ഈ ഭാഷയെ നമ്മൾ കാണേണ്ടത്‌, 1939-ൽ ബോർഹസ്‌ എഴുതിയ 'Pierre Menard-author of the Quixote' എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ്‌. എഴുത്തുകാരൻ എന്ന കർതൃത്വം ഇല്ലാതായി എന്ന്‌ റോളാങ്ങ്‌ ബാർത്ത്‌ സിദ്ധാന്തപരമായി വികസിപ്പിച്ചതു, ബോർഹസിന്റെ കൃതിയെ അടിസ്ഥാനമാക്കിയായിരുന്നല്ലോ. സ്ഥിരം പ്രമേയങ്ങളുടെയും ഭാഷാ പ്രയോഗങ്ങളുടെയും കെണിയിൽ അകപ്പെട്ട സാഹിത്യം ഏറെക്കുറെ മരിച്ചു എന്ന്‌ ബാർത്ത്‌ പറഞ്ഞതോർക്കുന്നു. Literature of exhaustion എന്ന ലേഖനം ബാർത്ത്‌ എഴുതുന്നത്‌ The Atlantic-ൽ 1967-ലാണ്‌. ഇപ്പോൾ നാം എഴുതിക്കൊണ്ടിരിക്കുന്നത്‌ 19-​‍ാം നൂറ്റാണ്ടിലെ സാഹിത്യഭാവന തന്നെയാണെന്ന്‌ വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ജീവിതത്തെ പുതിയ രീതിയിൽ കാണാൻ സഹായിക്കുന്ന ഒരു വാക്യംപോലും ഉണ്ടാകുന്നില്ലല്ലോ. ദൈവത്തിന്റെ മരണം എന്ന ആശയം 20-​‍ാം നൂറ്റാണ്ടിനു ലഭിച്ചതു. ഈ സാർവത്രികമായ ആശയ നാശത്തിന്റെ പശ്ചാത്തലത്തിലാണ്‌. ഇപ്പോഴിതാ ഗ്രന്ഥകാരനും മരിച്ചിരിക്കുന്നു എന്ന്‌ ബാർത്ത്‌ പറഞ്ഞു. ഗ്രന്ഥകാരന്റെ ഈ മരണമാണ്‌, സെർവാന്തസിന്റെ ഡോൺ ക്വിക്സോട്ടിനെ ആധാരമാക്കി ബോർഹസ്‌ എഴുതിയ കഥയിലുള്ളത്‌. ക്വിക്സോട്ട്‌ എഴുതിയത്‌ സെർവാന്തസ്‌ ആണെന്ന്‌ പഴയ സങ്കൽപമാണെന്നും അത്‌ താൻ മറ്റൊരു രീതിയിൽ എഴുതുകയാണെന്നുമായിരുന്നു ബോർഹസിന്റെ വാദം. പഴയ യാഥാർത്ഥ്യങ്ങളെ തന്നെ പുനരുപയോഗിച്ചുകൊണ്ട്‌, പുതിയ ഭാവന ഉണ്ടാക്കാൻ കഴിയണം.

അതിനു പരിഹാസവും ദർശനവും എല്ലാം കൂടിക്കലരണം. അന്തിമമായ പരിഹാരങ്ങൾക്കായി ഉഴറുന്ന മാനവ സമൂഹത്തിനു മുമ്പിൽ തേഞ്ഞു പഴകിയ ഉപകരണങ്ങൾ വിലപ്പോകില്ല. ബോധധാരയുടെ പാരമ്പര്യവഴികളെ പുനരുപയോഗിച്ച്‌, തന്റേതായ ആക്ഷേപഹാസ്യാത്മകമായ ഫാന്റസി വിജയൻ വികസിപ്പിച്ചു. 'പള്ളിത്തണുപ്പിന്റെ ആലില' എന്ന പ്രയോഗത്തിൽ ശ്രീകൃഷ്ണനെ തിരയാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നത്‌, ഇതുകൊണ്ടാണ്‌. ഈ ആലില ഇന്ത്യൻ മിഥോളജിയുടെ പ്രതീകമാണല്ലോ. അതിനെയാണ്‌ പള്ളിത്തണുപ്പിൽ ഈ എഴുത്തുകാരൻ കൊണ്ടുവെക്കുന്നത്‌. ഇതിലൂടെ വിജയന്റെ വാക്യങ്ങൾക്ക്‌ പല കാലങ്ങളുടെയും പല സംസ്കാരങ്ങളുടെയും സ്വരങ്ങൾ ലഭിക്കുകയാണ്‌. ഭഗവദ്ഗീതയെ പുനരുപയോഗിച്ച നോവലാണ്‌ 'ഖസാക്കിന്റെ ഇതിഹാസം'പുരാണ കഥകളെ ചെറിയ മാറ്റങ്ങൾ വരുത്തി നോവലോ കവിതയോ നിർമ്മിക്കുന്നതുപോലെയല്ല ഇത്‌. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ പ്രത്യക്ഷത്തിൽ ഇന്ത്യൻ പുരാണമില്ല. എന്നാൽ ഇന്ത്യൻ പരിത്യക്തതയെയും ലൈംഗികവിരക്തിയെയും രവിയിലൂടെ വിജയൻ പരിഹസിക്കുകയാണ്‌. ഈ പരിഹാസമാകട്ടെ, രവി എന്ന മനുഷ്യന്റെ ആകെത്തുകയല്ല. അയാൾ പ്രത്യേകമായ ഒരു അന്തസത്തയോ തത്വശാസ്ത്രമോ പേറുന്നില്ല. ഇതാണ്‌ കാതലായ സംഗതി. അയാൾ അയാളെത്തന്നെ തേടുകയാണ്‌ ചെയ്യുന്നത്‌. പലരും തട്ടിവിടുന്നതുപോലെയുള്ള 'സ്വത്വം' അയാൾക്കില്ല. തന്നെത്തന്നെ അന്വേഷിക്കുന്നതിലൂടെ അയാൾ ഒന്നിന്റെയും ലേബലൊട്ടിച്ച ഉൽപന്നമോ പ്രചാരകനോ അല്ലാതാവുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ നമ്മൾ ഒന്നും കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നില്ല. രവിയും അതാണ്‌ ചെയ്യുന്നത്‌. പക്ഷേ, അയാൾ ഇത്‌ ചെയ്യുന്നത്‌, ഈ തത്വം പാലിക്കാൻ വേണ്ടിയല്ല. രവിയുടെ പുസ്തകശേഖരത്തിലുള്ള ഭഗവദ്ഗീതയും മുട്ടത്തുവർക്കിയും ഇതു വ്യക്തമാക്കുന്നു. അയാൾക്ക്‌ ഭഗവദ്ഗീതയോടും താൽപര്യമില്ല. ദേവതയെയും സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയക്കുന്നവളായി കാണുന്നതിലൂടെ അയാൾ ദൈവശാസ്ത്രത്തെയും പൊളിക്കുന്നു. മതരഹിതനായ, ദൈവരഹിതനായ സന്യാസിയാണ്‌ രവിയെന്ന്‌ വേണമെങ്കിൽ പറയാം. ഭഗവദ്ഗീതയെ ഇതുപോലെ പുനരുൽപാദിപ്പിച്ച മറ്റൊരു കൃതി ഇന്ത്യൻ സാഹിത്യത്തിലില്ല.

തന്റെ ഗതകാലത്തിന്റെ ആശയങ്ങളുടെയെല്ലാം മഹാവൃക്ഷത്തിനു താഴെ നിൽക്കുമ്പോഴുള്ള ജാള്യതയും സങ്കോചവും വിജയനുണ്ട്‌. അതുകൊണ്ട്‌ സാഹിത്യപരമായ ഉൽപാദനരാഹിത്യത്തെ, അദ്ദേഹം ഗീതയെ പുനരുപയോഗിച്ചുകൊണ്ട്‌ മറികടക്കുകയാണ്‌. ഓരോ നിമിഷവും ഭഗവദ്ഗീതയുമായി കലഹിക്കുകയാണ്‌ വിജയൻ. ഇതാണ്‌ എഴുത്തുകാരന്റെ സ്വാതന്ത്ര്യം. നോവൽ അവസാനിക്കുന്നിടത്ത്‌, "മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി" എന്നെഴുതിയിട്ടുണ്ട്‌. ഈ പെരുവിരലും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നില്ലേ? ഗീതാ സാരവുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങുന്ന ആഖ്യാനഘടന ഖസാക്കിലുണ്ട്‌. രവിയാകട്ടെ ബോധപൂർവം ഈ ഘടനയുടെ ഭാഗമാവുന്നില്ല. വിജയന്റെ തന്നെ വാക്കുകൾ ഇതിനു തെളിവു നൽകുന്നുണ്ട്‌. തന്റെ വലതുകൈയ്ക്ക്‌ വാതം ബാധിച്ചതിനെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത്‌ ഇതാണ്‌.
"പഞ്ചഭൂതങ്ങൾ ചുറ്റഴിയുന്നതുപോലെ. അങ്ങനെ ചിതറുന്ന സൂക്ഷ്മാംശങ്ങളുടെ വലിയൊരു നെബ്യുലയ്ക്കു നടുവിൽ ഒരു സൗരരൂപത്തെപ്പോലെ സ്ഥലം പിടിച്ചുകൊണ്ട്‌ പ്രാണൻ ആ അഴിവിനെ നോക്കിക്കാണുന്നു." (ഇതിഹാസത്തിന്റെ ഇതിഹാസം). "പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കൂടിക്കൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിക്കും. " (ഖസാക്കിന്റെ ഇതിഹാസം) വേദനയുടെ യോഗസിദ്ധിയിൽ സന്ദേഹങ്ങൾ പരിണമിച്ച്‌ അറിവായിത്തീരുന്നു. പിതൃമന്ത്രം ജപിച്ച്‌ അവസാനം രവി തന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര പുറപ്പെടുന്നു. ഭാഗവത സപ്താഹം കഴിഞ്ഞ്‌ തക്ഷകനെ നേരിടാൻ, എന്റെ ഈ ഉഴുതുപൂട്ടാത്ത പാഴ്‌നിലത്തിൽ അപൂർവ്വസസ്യങ്ങൾ വിളയിക്കുന്നത്‌ ആരാണ്‌? അവൻ, ആ ആദിസ്പർശി! ഇങ്ങനെ ഭഗവദ്ഗീതയുടെ ആശയങ്ങളെ പുനർനിർമ്മിക്കുന്ന എത്രയോ വാക്യങ്ങൾ വേണമെങ്കിലും വിജയന്റെ എഴുത്തിൽ നിന്ന്‌ കണ്ടെത്താം. എന്നാൽ ഈ പുനർനിർമ്മാണം വെറും പറ്റിയെഴുത്തല്ല. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്ക്‌ കുറുകെയുള്ള സഞ്ചാരമാണിത്‌.

എന്നാൽ ഇതിനിടയിൽ ഗീതയോട്‌ കലഹിക്കുകയും ചെയ്യുന്നു. ഗീത വ്യക്തിപരമായ അനുഭവമെന്ന നിലയിലാണ്‌ ഇവിടെ പ്രത്യേക ഘടനയായിത്തീരുന്നത്‌. "ജീവന്റെ മുക്തി ചിലന്തിയുടെ യുഗത്തിലാവട്ടെ, മനുഷ്യന്റെ യുഗത്തിലാവട്ടെ, ദുഃഖസമസ്യയായി അവശേഷിക്കുന്നു." എന്നുള്ളത്‌, ഗീതാ സാരത്തെത്തന്നെ പൊളിച്ചെഴുതുന്ന വാക്യമാണ്‌. അതേസമയം, "പാമ്പിന്റെ പത്തിവിടരുന്നത്‌ രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാൽപടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌".- എന്നീ വാക്യങ്ങളിൽ ഗീതാ സാരമുണ്ട്‌. ലൗകികാതീതമായ അവബോധവും പ്രസാദവും കാണാം.
തന്റെ പ്രാചീനതയെ അതേപടി പുനരാവിഷ്കരിക്കുന്നത്‌, എഴുത്തുകാരന്‌ ഖ്യാതി നൽകില്ല എന്നാൽ വിജയനെപ്പോലെ സർഗ്ഗാത്മകമായി പുനരന്വേഷിക്കുകയും തന്നെത്തന്നെ അന്വേഷണ വിഷയമായി പ്രഖ്യാപിച്ച്‌ തർക്കത്തിലിടപെടുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. കസന്‍ത്‌സാക്കിസ് , ദ്‌ ലാസ്റ്റ്‌ ടെമ്പ്റ്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌ എന്ന കൃതിയിൽ ചെയ്തതിനേക്കാൾ കലാപരമായാണ്‌, തന്റെ പൂർവകാല സംജ്ഞകളെ വിജയൻ നോവലിലൂടെ അവതരിപ്പിച്ചതു. നബോക്കോവിന്റെ ലോലിത, ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ്‌ റെഡ്‌', എന്നീ കൃതികളേക്കാൾ വ്യക്തിപരമായ കലാനുഭവം 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌ നൽകുന്നത്‌. എന്നാൽ നോവലിന്റെ ക്രാഫ്‌റ്റിനെ കാഫ്കയെപ്പോലെ അട്ടിമറിക്കാനൊന്നും വിജയന്‌ കഴിഞ്ഞിട്ടില്ല. ഫിലിപ്പ്‌ റോത്ത്‌, അല്ലൻ റോബ്ബേഗ്രിയേ, വില്യം ഫോക്നർ തുടങ്ങിയവരുടെ ക്രാഫ്റ്റ്‌ വിജയൻ നേടിയിട്ടില്ലായിരിക്കാം. എന്നാൽ ലോകത്തിലെ ഏത്‌ നൂതന നോവലിലുള്ളതുപോലെ, മിത്തിനെയും കൽപിത കഥയെയും യാഥാർത്ഥ്യത്തെയും ചരിത്രത്തെയും ദൈവശാസ്ത്രത്തെയും രാഷ്ട്രത്തെയും കൂട്ടികലര്‍ത്തി, നവകാലത്തിലെ മനുഷ്യന്റെ ശിഥിലമായ അകംലോകങ്ങളെ പ്രശ്നവത്കരിക്കുകയും തുറന്നുകാണിക്കുകയും ചെയ്യുന്നത്‌ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലും കാണാം. എം.കൃഷ്ണൻനായർ നിരീക്ഷിച്ചതുപോലെ ഇത്‌ വെറുമൊരു 'എക്സിസ്റ്റെൻഷ്യൽ നോവൽ' അല്ല; ഇന്ത്യൻ നോവലാണ്‌.

എന്നാൽ ഭാരതീയതയെ തന്നെ റീസൈക്കിൾ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തെ അനുകരണമെന്ന്‌ ആക്ഷേപിച്ച ജി.എൻ.പണിക്കരും മറ്റും ഇനിയെങ്കിലും ഒരു സത്യം പുറത്തുവിടേണ്ടതുണ്ട്‌. ആരുടെ പ്രേരണയിലാണെങ്കിൽ എന്തുകൊണ്ട്‌ അതിൽ തന്നെ ഉറച്ചുനിൽക്കുന്നുവേന്ന്‌. ഖസാക്ക്‌ പ്രസിദ്ധീകരിച്ച്‌ 25 വർഷം കഴിഞ്ഞാണ്‌ അതിന്‌ ഇംഗ്ലീഷ്‌ തർജമയുണ്ടായത്‌. ഇതിനും നോവലിസ്റ്റിൻ പഴിക്കണോ? ഫിലിപ്പ്‌ റോത്ത്‌ പറഞ്ഞതുപോലെ, കഥയെഴുതിക്കൊണ്ട്‌ ആത്മകഥയും ആത്മകഥയിലൂടെ കഥയുമാണ്‌ വിജയനും പൂർത്തിയാക്കിയത്‌