Followers

Wednesday, December 5, 2012

വാക്കുകളുടെ അപചയം

മാധവ് കെ. വാസുദേവ്

മനസ്സില്‍ മരവിച്ചു കിടന്ന
അക്ഷരങ്ങള്‍ക്ക് സിരകളില്‍
രക്തയോട്ടം ഉണ്ടായപ്പോള്‍
അക്ഷരങ്ങള്‍ വാക്കുകളായി .

മൂന്നും നാലും അഞ്ചും തലകളും
പരശതം കൈയുകളും ഉള്ള
ദേവാസുരന്മാരെപോലെ
പര്യായങ്ങളിലൂടെ ആകാശത്തോളം
വളര്‍ന്ന വാക്കുകള്‍.

അത്യുന്നതങ്ങളില്‍ ഇരിക്കുന്നവന്റെ
മഹത്വം പാടി വലങ്കയ്യുകളായി മാറി
പരിശുദ്ധിയുടെ മേലങ്കിയണിയുന്ന
പുണ്യവാളന്‍മാര്‍ ഉരുവിടുന്ന
സങ്കീര്‍ത്തനങ്ങളിലൂടെ
വളര്‍ന്ന വാക്കുകള്‍.

മനസ്സിലും കാതുകളിലും
ദൈവഭയം തിരുകികയറ്റുന്ന
മൌലവിമ്മാരുടെ ചുണ്ടിലുതിര്‍ന്ന
വാചനങ്ങളിലൂടെ മലപോലെ
വളര്‍ന്ന വാക്കുകള്‍.

വാക്കുകള്‍ ദൈവത്തിന്റെ
കൈയെഴുത്തുകള്‍ ആണെന്നും
അവന്റെ തിരുത്തപ്പെടാത്ത വിധിയുടെ
നേര്‍ പകര്‍പ്പുകള്‍ ചിത്രങ്ങള്‍.

ദൈവം
ഭയമല്ലയെന്നും നിത്യ സ്നേഹമാണ്
എന്നുമുള്ള അറിവില്‍ നിന്നാണ്
ദൈവത്തിനെ അറിയേണ്ടതെന്ന
സത്യത്തെ പകര്‍ത്തിക്കൊടുക്കുന്നവര്‍
സമൂഹത്തിന്റെ രക്ഷിതാക്കള്‍
എഴുത്തുക്കാര്‍.

ഓരോ എഴുത്തും ഓരോ കൊടുമുടിയായി
വളര്‍ന്നു കയറിയപ്പോള്‍
അജ്ഞതയുടെ മഞ്ഞുരുകി തുടങ്ങി.
അന്ധകാരത്തിന്റെ ഘനംകുറഞ്ഞു
മേഘങ്ങളെ പോലെ പാറി നടന്നു
ദൈവത്തിന്റെ പ്രതിരൂപങ്ങളായി
വാക്കുകള്‍.

പിന്നെ തിരിച്ചലിന്റെയൊരു
ദശാസന്ധിയില്‍ എതിരെ നിന്ന
വരള്‍ച്ചയെ നേരിടാന്‍
സിരകളെ ത്രസിപ്പിക്കുന്ന മദ്യത്തില്‍
മനസ്സിനെ മയക്കുന്ന ലഹരികളില്‍
പിന്നെ മാദാലസ രാവുകളിലവന്‍
വാക്കുകള്‍ തേടി നടന്നു
എഴുത്തിന്റെ കാവല്‍ക്കാര്‍
നന്മയുടെ നേര്‍വഴി കാട്ടിയവര്‍.

ഇപ്പോള്‍ വാക്കുകള്‍
ദൈവത്തില്‍ നിന്നുമകന്നു
ചെകുത്താനും കടലിനുമിടയില്‍
ജീവ വായുവിനായി കേഴുന്നു.