Followers

Wednesday, December 5, 2012

കൊച്ചി-മുസരിസ് ബിനാലെ 12-12.2012




ചിത്രകാരൻ
ചിത്രകലയെന്നാല്‍ രവിവര്‍മ്മയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ പൊതുബോധത്തെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്‍പ്പികളും നമുക്കുണ്ടെങ്കിലും അവരൊന്നും നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടാറില്ല. അവരാരും ആദരവിനു കാത്തുനില്‍ക്കാറില്ലെന്നതാണു സത്യം !

കാരണം അത്രക്കു അടച്ചുകെട്ടി ബന്ധവസ്സാക്കിയിരിക്കുന്ന കലാ-സാംസ്ക്കാരിക ബോധമാണ് ജാതി-മത-കക്ഷിരാഷ്ട്രീയ ബോധം കൂടിയ നമുക്കുള്ളത്. പുറമേ നിന്നുള്ള കാറ്റും വെളിച്ചവും തട്ടിയാല്‍ നമ്മുടെ മഹത്തായ രാഷ്ട്രീയ-സാംസ്ക്കാരിക-സദാചാരബോധത്തിനു കളങ്കമേല്‍ക്കാനിടയുണ്ടെന്ന് നമുക്കുറപ്പാണ്. മാത്രമല്ല അഴിമതി എന്നു ചിന്തിക്കുന്നതുപോലും പാപമാണെന്നതിനാല്‍ നാം അഴിമതിയുണ്ടാകാനിടയുള്ള സാമ്പത്തിക സാമൂഹ്യ പരിപാടികളില്‍നിന്നെല്ലാം വളരെ അകലത്തേ നില്‍ക്കു.ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലിനായി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ ധാര്‍മ്മിക രോക്ഷം പിന്നെ അടങ്ങിയിരിക്കില്ല. പതിവിനു വിരുദ്ധമായി ആരെന്തു ചെയ്താലും അത് അഹങ്കാരവും, അഴിമതിയും, സ്വാര്‍ത്ഥതയും, ഗൂഢാലോചനയും, ഹിഡണ്‍ അജണ്ടകളുടെ സാധ്യതകളുടെ കേളികൊട്ടുമാണ്. മൊത്തത്തില്‍ കേരളം സംശയരോഗികളുടെ സ്വന്തം നാടാണെന്ന് നിസംശയം പറയാം.അതുകൊണ്ടുകൂടിയാണ് കൊച്ചിയില്‍ ആദ്യമായി നടത്തപ്പെടുന്ന “കൊച്ചി-മുസരിസ് ബിനാലെ 12.12.2012” വിവാദത്തിനും, ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായി സംഘാടകരെ കുരിശിലേറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

വല്ലവരുടേയും അദ്ധ്വാനത്തിലും, ക്രിയാത്മകശേഷിയിലും,സംഘാടനത്തിലും, സ്പോണ്‍സര്‍ഷിപ്പിലും ഒരുക്കപ്പെടുന്ന ബിനാലെക്കെതിരായി എന്തിനാണാവോ നാം അഴിമതിയും, ലോകാവസാനവും ഭയന്ന് നിലവിളിച്ചു കരയുന്നത് ? ലോകത്തെമ്പാടുമുള്ള കലാകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും, കലാസ്വാദകരും തീര്‍ഥാടനമ്പോലെ എത്തിച്ചേരുന്ന ഒരു ഇവന്റു സൃഷ്ടിക്കുമ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ടവരും, സര്‍ക്കാരും, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരും, കോര്‍പ്പറേറ്റ് കമ്പനികളും ബിനാലെക്കായി കയ്യയച്ച് സ്പോണ്‍സര്‍ ചെയ്യാന്‍ മുതിരുന്നത് അവര്‍ക്കുണ്ടാകുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്.

അതിനെല്ലാം കൃത്യമായി കണക്ക് പറയാനും, അധികാരസ്ഥാപനങ്ങളില്‍ കണക്ക് അവതരിപ്പിക്കാനും ശേഷിയുള്ളവരല്ലേ ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ സംഘാടകരാകാന്‍ തയ്യാറാകുകയുള്ളു എന്ന സാമാന്യയുക്തിയെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്. (ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ ജ്വല്ലറികളെ ഉപയോഗിച്ച് സ്ത്രീകളെ നെറ്റിപ്പട്ടം കെട്ടിയ ആനയെക്കാള്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ പൊതിയുകയും,പുരുഷന്മാര്‍ക്കു കൂടി സ്വര്‍ണ്ണ കൈവിലങ്ങ് ആഭരണമായി നിര്‍മ്മിച്ചു നല്‍കിയും, കുട്ടികളെ സ്വര്‍ണ്ണം തീറ്റിക്കുകയും ചെയ്ത് ആയിരക്കണക്കിനു കോടികള്‍ കൈക്കലാക്കി പോകുന്നത് കാണാന്‍ കഴിയാത്ത നമ്മളാണ് രണ്ടു കോടിയുടെ കണക്കവതരിപ്പിച്ചില്ല, കിട്ടാനിടയുള്ള 70 കോടിയുടെ കണക്ക് കണ്ടില്ല എന്നൊക്കെ ഒച്ചവെക്കുന്നത് ! സാമ്പത്തിക അഴിമതി ആരോപണവും, സംശയവും പ്രചരിപ്പിച്ച് തുടങ്ങാനിടയുള്ള പദ്ധതിയെ അലസിപ്പിക്കുന്ന ഈ കൂടോത്രം മലയാളി മനസ്സിന്റെ ശാപം തന്നെ ! ) കൊച്ചിയിലെ മട്ടാഞ്ചേരിപോലുള്ള പുരാതന പാണ്ഢികശാലകള്‍ ധാരാളമുള്ള സ്ഥലം ലോകം ശ്രദ്ധിക്കുന്ന പ്രദര്‍ശന വേദിയാക്കാന്‍ ശ്രമിക്കുമ്പോഴുള്ള മുന്നോരുക്കങ്ങളുടെ സമയവും അദ്ധ്വാനവും എത്ര ഭാരിച്ചതാകുമെന്ന് നാം ഓര്‍ക്കേണ്ടതാണ്. ലോക നിലവാരത്തിലുള്ള ശബ്ദ വെളിച്ച നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനവേദിയിലേക്ക് ലോക പ്രസിദ്ധ മ്യൂസിയങ്ങള്‍ തങ്ങളുടെ കലാവസ്തുക്കള്‍ പ്രദര്‍ശനത്തിനയക്കുകയില്ലെന്നും ഉറപ്പാണ്.


വന്‍പിച്ച ഇന്‍സ്റ്റാളേഷനുല്കളും, വ്യത്യസ്ത പ്രദര്‍ശന വൈവിധ്യവും സജ്ജീകരിക്കേണ്ടതായ ബിനാലെ ഒന്നോ രണ്ടോ വ്യക്തിക്ക് നടപ്പാക്കാനാകുന്ന കലാപ്രദര്‍ശനമല്ല. അതൊരു സമൂഹത്തിന്റെ കൂട്ടയ്മയും, ആവിഷ്ക്കാരവും, അഭിമാനവുമായി സംജാതമാകുന്ന ലോകവിരുന്നാണ്. വിദേശങ്ങളില്‍ സഞ്ചരിക്കാതെതന്നെ ആ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകുക എന്നാല്‍ നമുക്കും, നമ്മുടെ നാടിനും ലോകത്തിന്റെ വേദിയാകാനാകുന്ന അസുലഭവേളയാണ്. ബിനാലെ എന്നത് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണെന്ന ധാരണതന്നെ പൊളിച്ചുകളഞ്ഞാലേ അതെന്താണെന്ന് മനസ്സിലാക്കിത്തുടങ്ങാനാകു. ആര്‍ട്ടു ഗ്യാലറിയിലെ ഒരു ചെറിയ പ്രദര്‍ശന്മായല്ല ബിനാലെകളെയും ട്രിന്നലെകളേയും കാണേണ്ടത്. അതൊരു ഉത്സവമാണ്.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്ര-ശില്‍പ്പകലയുടെ ഉത്സവത്തെ ബിനാലെയെന്നും, മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തെ ട്രിനാലെയെന്നും പേരുവിളിക്കുന്നു. ജനകീയമായ പങ്കാളിത്തത്തോടെ അസാധാരണമായ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ക്രിയാത്മകതയുടെ വേദിയാകാന്‍ ഒരു പട്ടണം അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ അണിഞ്ഞൊരുങ്ങുന്ന അഭൂതപൂര്‍വ്വമായതും വര്‍ഷങ്ങള്‍ നീളുന്നതുമായ ഒരു തയ്യാറെടുപ്പാണ് സംഘാടനതലത്തില്‍ ബിനാലെ. വിശാലമായ ആ കാന്‍‌വാസില്‍ അവതരിക്കപ്പെടുന്ന ആശയാവിഷ്ക്കാരങ്ങളും ദൃശ്യ-ശ്രവ്യതലങ്ങളുടെ പുതിയ കാഴ്ച്ചപ്പാടുകളും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ ഇഴചേരുന്നതുപോലും നമുക്ക് നേരില്‍ കാണാനാകും.


അതിലുമുപരിയായി, ലോകമെമ്പാടുമുള്ള ദൃശ്യ വൈവിധ്യങ്ങളുടെ സമുദ്രത്തെ തൊട്ടും കണ്ടും രുചിച്ചും സാക്ഷ്യപ്പെടാനുള്ള സമൂഹത്തിന്റെ ബോധ വികാസമായും ബിനാലെയെ കാണേണ്ടതുണ്ട്. വെളിച്ചത്തേയും, ശബ്ദത്തേയും, ശൂന്യതയേയും, മൌനത്തേയും ശില്‍പ്പഭംഗിയോടെ സജ്ജീകരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാസ്വാദകരും സാധാരണ ജനങ്ങളും എല്ലാം തന്നെ കാഴ്ച്ചയും, കാഴ്ച്ചക്കാരും,കാഴ്ച്ചപ്പാടും സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്. മനുഷ്യന്റെ ഭാവനയുടെയും,അനുഭവത്തിന്റേയും,ക്രിയാത്മകതയുടേയും ആവിഷ്ക്കാര സാധ്യത ജനകീയമാക്കാന്‍ സഹായിക്കുന്ന ബിനാലെകളും ട്രിനാലെകളും ആരു നടത്തിയാലും, എങ്ങനെ നടത്തിയാലും അതിനെ ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു :)