Followers

Sunday, September 2, 2012

വെർലേൻ - വിരലുകൾ ചുംബിച്ച പിയാനോ...

പരിഭാഷ: വി.രവികുമാർ


മെലിഞ്ഞുനീണ്ട വിരലുകൾ ചുംബിച്ച പിയാനോ
വിളറിയ സാന്ധ്യവെളിച്ചത്തിൽ തെളിഞ്ഞും തെളിയാതെയും.
ചിറകടികളുടെ മൌനമർമ്മരമേറിയൊരു ഗാനം,
അതിലോലവും വശ്യവുമായ പഴയൊരീണം
അവളുടെ പരിമളം തങ്ങിയ മുറിയിലതലയുന്നു,
കാതരമായിട്ടെന്നപോലത്രയൊതുങ്ങിയും.

പറയൂ, എന്തിനു പൊടുന്നനേയിങ്ങനെയൊരു ഗാനം,
എന്റെ തളർന്ന അസ്ഥികളെ പാടിയുറക്കുവാനോ?
എന്തിനെന്റെ മേലിതുപോലൊരു ഗാനത്തിന്റെ കളിമ്പം?
നിനക്കെന്തു വേണമവ്യക്തമധുരസംഗീതമേ,
ഉദ്യാനത്തിലേക്കു പാതി തുറന്ന ജനാലയ്ക്കൽ
പ്രാണൻ വെടിയുന്ന പതിഞ്ഞ പല്ലവികളേ?