Followers

Sunday, September 2, 2012

ഭയം

ഷീബ തോമസ്

ഇരുട്ടിന്റെ കട്ടി കൂടാന്‍ കാത്തിരുന്നു. നാലും കൂടിയ കവലയില്‍ നിന്നും ആളുകള്‍ പിരിഞ്ഞു തുടങ്ങി. ആരുടേയും നോട്ടം പെടാതെ മുറുക്കാന്‍ കടയിലും, വായനശാലയുടെ തിണ്ണയിലുമൊക്കെയായി തങ്ങി നിന്നു. ചായക്കട പൂട്ടി വാതിക്കല്‍ തൂക്കിയിട്ട പെട്രോമാക്‍സ് അണയ്ക്കാന്‍ തുടങ്ങുമ്പോള്‍ വറുതു മാപ്ല ചോദിച്ചു, “ നിയ്യെന്താ നിന്ന് പര്ങ്ങണത്? വീട്ടീപ്പോണില്ലേ?...”
“ഉം. പോകേണ്..” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
“എന്നാ വാ..” വറുതുമാപ്ല ടൊര്‍‌ച്ചു തെളിച്ച് മുമ്പേ നടന്നു.
വരുന്നില്ലയെന്നു പറയാനുള്ള ധൈര്യം വന്നില്ല. പതിയെ പിന്നാലെ നടന്നു. വറുതുമാപ്ല എന്തൊക്കെയോ ചോദിച്ചു. മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. വരമ്പത്തേക്ക് കയറിയപ്പോള്‍ നടത്തം മെല്ലെയാക്കി. വറുതുമാപ്ലയുടെ ശബ്ദം അകന്നകന്നു പോയി. ടോര്‍‌ച്ചിന്റെ വെട്ടവും ഒരു പൊട്ടുപോലെയായി, മെല്ലെ കണ്ണില്‍ നിന്നും മറഞ്ഞു.

പിന്നെ തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. ഇടവഴി കടന്ന്, കൊയ്ത്തു കഴിഞ്ഞ പാടം കടന്ന്, കൈതക്കാടിനിടയിലൂടെയുള്ള കുറുക്കു വഴി കടന്ന് സേവ്യറുമാഷിന്റെ വീട്ടിനു പിന്നിലെത്തുമ്പോള്‍ ആകാശത്ത് ഒരൊറ്റ നക്ഷത്രം പോലുമില്ല.കറുത്ത ആകാശം. ഇതു തന്നെയാണ് വേണ്ടത്. മനസ്സില്‍ പറഞ്ഞു.

വേലിക്കെട്ടില്‍ കൈ വച്ചു. ഇല്ലിമുള്ളിന്റെ രുചിയറിഞ്ഞു. വേദനയല്ല, ഒരുതരം പുകയുന്ന നീറ്റല്‍. എന്നിട്ടും വേലിയോടു ചേര്‍ന്നു നിന്നു. പിന്നെയും എവിടെയൊക്കെയോ മുള്ളുകള്‍ തറഞ്ഞു. വേലിപ്പത്തലിനിടയ്ക്ക് പാമ്പെങ്ങാനും കാണുമോ? ഏയ്, അതൊന്നും കാണില്ല. സ്വയം ധൈര്യപ്പെടുത്തി.

അടുക്കളഭാഗത്ത് സേവ്യറുമാഷിന്റെ ഘനമുള്ള ശബ്ദം കേട്ടു. ആരെയോ ശാസിച്ചതാണ്. ശ്വാസമടക്കി നിന്നു. പിന്നെയും കുറെ സമയം കടന്നു പോയി. അടുക്കളവാതില്‍ തുറന്നു ഒരു മെല്ലിച്ച പെണ്‍‌കുട്ടി ഇറങ്ങിവന്നു. കയ്യില്‍ കുറെ പാത്രങ്ങള്‍. വേലിക്കപ്പുറത്തെ കാത്തിരിപ്പ് സഫലം. അവന്‍ ശബ്ദം താഴ്ത്തി ചൂളമടിച്ചു. അവള്‍ ഞെട്ടിത്തെറിച്ചു. കയ്യിലിരുന്ന പാത്രങ്ങള്‍ കിടുങ്ങി താഴെ വീണു. അമ്പരപ്പോടെ ചുറ്റും പാളിനോക്കി, അവള്‍ ഇരുട്ടിലേയ്ക്ക് വേഗം നടന്നുചെന്നു. ഹൃദയങ്ങള്‍ മിടിക്കുന്നത് ഇരുവര്‍ക്കും കേള്‍ക്കാമായിരുന്നു. അവള്‍ ഭയം കൊണ്ട് പൂക്കുല പോലെ വിറച്ചു.
“ ഈ ചെക്കന്‌ന്താ കാട്ടീത് ! അപ്പനെങ്ങാനും കണ്ടാ എന്നക്കൊല്ലും..”
“നെന്നെക്കാണാഞ്ഞിട്ട് ഒരു സമാധാനോം കിട്ടീല്ല.. അതാ ഞാന്‍...”
അകത്ത് സേവ്യറുമാഷ് ഉറക്കെയൊന്നു തുമ്മി. അവള്‍ ഞെട്ടിത്തെറിച്ച് അവനോടു ചേര്‍‌ന്നുനിന്നു. ആദ്യമായി അവന്‍ അവളുടെ കൈ പിടിച്ചു. ഇല്ലിമുള്ളിന്റെ പുകയുന്ന നീറ്റല്‍ ഇല്ലാതായി. പകരം സുഖമുള്ള ഒരു നൊമ്പരം സിരകളിലൂടൊഴുകി. കൈവിടുവിച്ച് ഓടിപ്പോവാന്‍ അവളൊരു വിഫലശ്രമം നടത്തി.
“ഞാനിപ്പക്കരയും, വിട് ചെക്കാ..”
“വിടില്ല..” കൈ മുറുകി.
അടുക്കളവാതില്‍ കടന്നു ആരോ മുറ്റത്തേക്കിറങ്ങി.മങ്ങിയ വെളിച്ചത്തില്‍ സേവ്യറുമാഷ്.
“പട്ടിയ്ക്ക് ചോറു കൊടുത്തോടീ അന്നമ്മേ.. ആ പെണ്ണെന്തിയേ.. നേരത്തെ കെടന്നൊറങ്ങിയോ..”
ഇടിമുഴക്കം പോലുള്ള ശബ്ദം. രണ്ടു ഹൃദയങ്ങളിലൂടെ ഇടിവാള്‍ കടന്നുപോയി.അവളുടെ കൈ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അവന്‍ ശ്വാസമടക്കി നിന്നു. സേവ്യറുമാഷ് വേലിക്കപ്പുറത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ അവന്‍ നിന്നില്ല. അവളുടെ കൈ പിടിച്ച് വേഗത്തിലോടി. കൈതക്കാടുകള്‍ കടന്ന്, കൂട്ടിയിട്ട കറ്റകള്‍ക്കിടയിലൂടെ, വരമ്പുകള്‍ കടന്ന്, ഇടവഴികള്‍ പിന്നിട്ട് അവന്‍ ഓടി. ഒപ്പം അവളും.

പുഴക്കരെയെത്തിയപ്പോള്‍ നിന്നു. ചുറ്റും പകച്ചു നോക്കി. ആരെങ്കിലും പിന്നാലെ വരുന്നുണ്ടോ? പിന്നെ പരസ്പരം നോക്കി സ്തംഭിച്ചു നിന്നു. ഇനി? അവളുടെ കൈവിരലുകള്‍ പച്ചവെള്ളം മാതിരി തണുത്തിരുന്നു. ഇനി? അവള്‍ കരയാന്‍ പോലുമാവാതെ മരവിച്ചു നിന്നു. പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
“ എങ്ങനാ ഞാനിനി വീട്ടിലോട്ടു ചെല്ലുന്നെ.. അപ്പനെന്ന കൊല്ലും..”
“പോകാണ്ടെങ്ങനാ.. “ അവന്‍ വിക്കിവിക്കി പറഞ്ഞു.
“അപ്പനെന്ന തല്ലിക്കൊല്ലും.. എന്റീശോയേ..” അവള്‍ നിന്നു വിങ്ങിപ്പൊട്ടി.
“ചെക്കനെന്താ കാട്ടീതെന്നറിയ്യോ..?”
അവള്‍ കണ്ണീരു തുടയ്ക്കാതെ കരഞ്ഞു തളര്‍ന്നു.അവന് എന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടിയില്ല.
“ നീ ഒന്നു ചെന്നുനോക്ക്..”അവന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“ഞാനിപ്പ പൊഴേച്ചാടും..” അവള്‍ ഹൃദയം പൊട്ടിക്കരഞ്ഞു.
“ നീ ചാവണ്ട. നമുക്കെവിടേങ്കിലും പോകാം”
“എവിടപ്പോകാനെന്ന്?..” അവള്‍ ഞെട്ടി.
“എവിടേങ്കിലും..”

പാക്കരണ്ണന്റെ കൊച്ചുവഞ്ചിയുടെ കയറഴിച്ച് വഞ്ചിക്കകത്തിട്ടു. രണ്ടുപേരും കയറി. അവന്‍ പങ്കായം വെള്ളത്തിലിട്ടു വലിച്ചു. വഞ്ചി അനങ്ങിയില്ല. അവനു കരച്ചില്‍ വന്നു. അപ്പുറവും ഇപ്പുറവുമൊക്കെ തുഴഞ്ഞു നോക്കി. ഒടുവില്‍ വഞ്ചി മെല്ലെ നീങ്ങി. അവന്‍ ദീര്‍‌ഘനിശ്വാസം വിട്ടു.

അക്കരെയെത്തിയപ്പോള്‍ പാതിരാക്കോഴി കൂവി. അവള്‍ പേടിച്ചു വിറച്ചു. കടത്തിനരികില്‍ ആരെയും കണ്ടില്ല. വഞ്ചി കെട്ടിയിട്ട്, അവളെയും കൈപിടിച്ച് വേഗത്തിലോടി. പിറകേ ആരെങ്കിലും..?

ദേശീയപാതയിലെത്തി, ആദ്യം വന്ന ബസ്സിനു കൈ കാണിച്ച് അതില്‍ കയറിയിരുന്നു. അവന്റെ പോക്കറ്റിലെ മുഷിഞ്ഞ നോട്ടുകള്‍ക്കുള്ള ദൂരം അളന്ന് ടിക്കറ്റു വാങ്ങി. വണ്ടിയോടിക്കൊണ്ടിരുന്നു. ഇരുട്ട് അലിഞ്ഞു തുടങ്ങി. അവന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി. വെളുത്ത കടലാസു പോലെ വിളറിയ മുഖം. ജീവനില്ലാത്ത മരവിച്ച കണ്ണുകള്‍. എന്താണുണ്ടായത്? അവന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ഭയം പെരുവിരലിലൂടെ അരിച്ചു കയറി. അവള്‍ ബസ്സിന്റെ കമ്പിയഴികളില്‍ തല ചായ്ച്ച് കണ്ണടച്ചു. കണ്‍പീലികളിലും കവിളിലും കണ്ണീരിന്റെ നനവ്. അവന് കണ്ണിമ കൂട്ടാന്‍ പോലും കഴിഞ്ഞില്ല.

ബസ്സ് എവിടെയോ നിര്‍ത്തി. മുന്‍‌വശത്തെ ഡോറിലൂടെ ഒരു പോലീസുകാരന്‍ കയറി. ഡ്രൈവറോട് എന്തോ പറഞ്ഞു. പിന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ട്, മുമ്പിലെ സീറ്റിലിരുന്നു. അവന്‍ ഭയം കൊണ്ട് വിറച്ചു. വിയര്‍ത്തൊലിച്ചു. അവളെ നോക്കി. ഉറക്കമാണ്. വിളിച്ചുണര്‍ത്തിയാല്‍ അവള്‍ ഉറക്കെ കരയുമോ?

അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അവന്‍ പെട്ടെന്നു ചാടിയിറങ്ങി. അവളൊന്നും അറിഞ്ഞില്ല. ഹൃദയം പൊട്ടിപ്പോകുമെന്നു അവനു തോന്നി. ബസ്സ് അവളെയും കൊണ്ട് മറഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ സര്‍വ്വശക്തിയുമെടുത്ത് ബസ്സിനു പിന്നാലെ ഓടി, ഉറക്കെ കരഞ്ഞുകൊണ്ട്.