Followers

Sunday, September 2, 2012

എങ്കിൽമാത്രം



വിജനതയുടെ വിസ്തൃതഭൂമിയില്‍
വിഷാദത്തിന്‍റെ നിഴല്‍ചുവട്ടില്‍
നിശബ്ദതയുടെ രാഗവിസ്താരം കേട്ട്,
ഏകാന്തമാം ജന്മത്തെ തലോടി,
പ്രണയത്തിന്‍റെ ഉന്മാദകാലത്ത് പാടിയ
ജുഗല്‍ബന്ദിയോര്‍ത്തു തരളിതനായി
അങ്ങനെയിരുന്നുപോകുമ്പോള്‍ ,
പകലിരമ്പുന്നു,
രാത്രി പടരുന്നു,
മഴ നനയ്ക്കുന്നു,
വെയിലുരുകുന്നു
പുഴ മെലിയുന്നു,
ഇലയടരുന്നു.
ഋതുക്കള്‍ പടം പൊഴിക്കുന്നു.
ജരാനരകള്‍ കണ്ടു ഭയമാണ്ട
ചിത്തം കിതപ്പോടെ പായുന്നു.
മോഹത്തിന്‍റെ പക്ഷിപാറിയ ആകാശം,
പൊട്ടിമുളയ്ക്കാന്‍ നിനവുകള്‍ നട്ട വയലുകള്‍,
ദേശങ്ങളിലേക്ക് നടന്ന ഒറ്റയടിപ്പാത,
എവിടെയാണെവിടെയാണെല്ലാം?
ചിന്തയുടെ നരച്ച ആകാശത്തിനു കീഴെ
ഭ്രമണപഥത്തില്‍നിന്ന് വേര്‍പെട്ടു ഞാന്‍ .
എല്ലാ മരങ്ങളും പൂക്കുന്ന ഋതുക്കളും,
പൂത്ത മരങ്ങള്‍ കായ്ക്കുന്ന ദേശവും,
കായ്കളില്‍ കിനിയുന്ന കാരുണ്യവും
തേടിത്തേടി മുറിവേറ്റ പാദങ്ങളും പോയി.
പാതയെല്ലാം മുള്‍ക്കാട് മൂടി.
ഒരുവട്ടംകൂടി കാണുവാന്‍ തോന്നി
കണ്ടുഭയന്ന് പിന്തിരിയുമ്പോള്‍,
എല്ലാ മനുഷ്യരും ദൈവമാകുമ്പോൾ

‍ചൊല്ലാന്‍ കരുതിയ സംഘഗാനം,
താളം നിലച്ചും ഈണം മുറിഞ്ഞും
ചെകുത്താന്‍റെ പാട്ടിനു കൂട്ടാകുമ്പോള്‍
എല്ലാ മനുഷ്യരും ഒറ്റയാകുമ്പോള്‍,
ഒറ്റയ്ക്കിരുന്നവര്‍ സ്വാര്‍ത്ഥരാകുമ്പോള്‍,
സ്വാര്‍ത്ഥരെല്ലാരും പൂജ്യരാകുമ്പോള്‍;
ഹൃദയകൈലാസത്തില്‍ നിന്നൊരു നദി
ഒരിക്കലും വറ്റാതൊഴുകിയൊഴുകി
ജീവിതം വിതയേറ്റിയ താഴ്വരകളെ
പച്ചകുത്തുമെങ്കില്‍,
നദിയായ നദിയെല്ലാം പുണ്യമായൊഴുകി
അതിരറ്റ സ്നേഹത്തിന്‍റെ കടലില്‍
പതിക്കുമെങ്കില്‍,
തീരത്തു കലരുന്ന സര്‍വ്വജാലങ്ങള്‍ക്കും
സംഗീതമായ് മുളംകുഴല്‍ പാടുമെങ്കില്‍,
എങ്കില്‍മാത്രം
എങ്കില്‍മാത്രം,
പ്രാണവായുവായ്
എന്നിലും നിന്നിലും
അകത്തും പുറത്തും
നിരന്തരം വന്നുപോകുന്ന
ദൈവത്തിനായ്
‌ഞാനൊന്നുകൂടി പാടും...