Followers

Sunday, September 2, 2012

തിലകന്‍/നെടുമുടി, 1001 ക്ലീഷേകള്‍, കള്ളസീഡിക്കാരെ തെറി പറയാന്‍ ഇവര്‍ക്കെന്തവകാശം, എക്‌സ്ട്രാ എക്‌സ്ട്രാ

രാംമോഹൻ പാലിയത്ത്


Mammootty and Mohanlal as Father and Son - Padayottam (1982)
നടീനടന്മാരുടെ അമ്മ, ടെക്‌നീഷ്യന്‍സിന്റെ മാക്ട, നിര്‍മാതാക്കളുടെ ചേംബര്‍, തീയറ്ററുടമകളുടെ സിനി എക്‌സിബിറ്റേഴ്‌സ്... മലയാള സിനിമാലോകത്തിന് മറ്റെങ്ങുമില്ലാത്ത വര്‍ണത്തിളക്കമുണ്ട്. എന്നിട്ടും എന്തിനാണ് ബോളിവുഡിന്റെ മാതൃകയില്‍ മോളിവുഡ് എന്നെല്ലാം പറഞ്ഞു നടക്കുന്നത്? ഹോളിവുഡിനു പകരം കോടമ്പാക്കം എന്ന നാടന്‍പേരുണ്ട്. ബോളി ഒരു പലഹാരം, മോളിയോ, ബോബനും മോളിയിലെ മോളി അല്ലെങ്കില്‍ ഫിഷ് മോളി.  ടോളിവുഡ് തെലുങ്കാണോ തമിഴാണോ? കോളിവുഡോ? മഹാരാഷ്ട്രയിലെ മീന്‍പിടുത്തക്കാരാണ് കോളികള്‍. അവരുടെ പാട്ടുകള്‍ അഥവാ കോളിഗീത് ഒന്നാന്തരം. സീഡികള്‍ വാങ്ങാന്‍ കിട്ടും.
സീഡിയെപ്പറ്റി പറഞ്ഞപ്പോഴാണ് കള്ളസീഡിക്കാരെ ഓര്‍ത്തത്. പാവങ്ങള്‍. വയറ്റുപിഴപ്പിനു വേണ്ടിയല്ലേ ഇവരില്‍ ഭൂരിപക്ഷവും ഇരുണ്ട ഇടവഴിത്തുമ്പുകളില്‍ നിരത്തിയും സഞ്ചിയിലാക്കി ചുമന്നും സീഡി വില്‍ക്കുന്നത്? ഇവരെ പോലീസ് പിടിച്ചാലും കള്ളസീഡി നിര്‍മാതാക്കള്‍ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ല. ഇവര്‍ കള്ളസീഡി നിര്‍മാതാക്കളില്‍ നിന്ന് കാശുകൊടുത്തു വാങ്ങിയ സീഡികള്‍ - അത് പോലീസേമാന്മാര്‍ കത്തിച്ചോ ചവിട്ടിയരച്ചോ യന്ത്രവായിലിട്ടോ ഞെരിച്ച് നശിപ്പിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാ - പാവപ്പെട്ട വില്‍പ്പനക്കാര്‍ക്ക് മാത്രം. കാരണം അവരതിനുള്ള പണം മുടക്കിക്കഴിഞ്ഞതാണല്ലോ.
Pirated CD's
ഇവരുടെ നേരെ ധാര്‍മികറോഷനെ അഴിച്ചുവിടുന്ന താരന്മാരും താരികളും നിര്‍മാതാക്കളും സംവിധായകരും ഒരു കാര്യം മറന്നുപോകുന്നു - മലയാളത്തിലെ മിക്കവാറും സിനിമകള്‍ മോഷണമാണ്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. സിനിമയുടെ തുടക്കത്തില്‍ ടൈറ്റ്ല്‍സ് കാണിക്കുമ്പോള്‍, നന്ദി സൂചകമായി സത്യം പറയാനുള്ള മര്യാദ കാണിക്കാറില്ല. ഒറിജിനലിന്റെ സ്രഷ്ടാക്കളോട് അനുമതി വാങ്ങിക്കുകയോ അവര്‍ക്കതിന്റെ റോയല്‍റ്റി നല്‍കുകയോ പോകട്ടെ, അവരെ ഒന്ന് വിവരമറിയിക്കുക പോലും ചെയ്യില്ല. പുതിയ വിദേശ സിനിമകളുടെ വ്യാജസിഡികള്‍ പാളയം പള്ളിക്കടുത്തുള്ള വില്‍പ്പനക്കാര്‍ ഓരോ സംവിധായകനേയും ഫോണില്‍ വിളിച്ച് 'ഇത് സാറിനു മാത്രം തരുന്നതാണ് കെട്ടോ' എന്ന് പച്ചക്കള്ളം പറഞ്ഞ് വില്‍ക്കുന്നു. ഉടനെ തന്നെ അതുകൊണ്ടുപോയി കണ്ട് അതില്‍ സലിംകുമാറിനേയും വെഞ്ഞാറന്‍മൂടിനേയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കുന്നു. എത്രയോ വര്‍ഷങ്ങളായി നമ്മുടെ ക്രിയേറ്റീവ് ജീനിയസ്സുകള്‍ ഈ നാണംകെട്ട പണി ചെയ്തുകൊണ്ടിരിക്കുന്നു. ഈ പകല്‍ക്കൊള്ളക്കാര്‍ക്ക് കള്ളസീഡിക്കാരെ കുറ്റം പറയാന്‍ എന്തവകാശം? ബൌദ്ധിക സ്വത്തവകാശം (intellectual property rights) സീഡി വില്‍പ്പനയില്‍ മാത്രം ബാധകമാക്കുക എന്ന ഇരട്ടത്താപ്പാണ് ഇവരുടേത്.
ഇന്റര്‍നെറ്റിന്റെ ഈ കാലത്ത് എളുപ്പം പൂച്ച് പുറത്താവും. പണ്ടൊക്കെ പാട്ടു മോഷണം ആരും പിടിച്ചിരുന്നില്ല. ഇന്നാകട്ടെ പുതിയ പാട്ട് ഇറങ്ങുമ്പോള്‍ത്തന്നെ ഒറിജിനലിന്റെ ലിങ്കും ആളുകള്‍ ഷെയര്‍ ചെയ്ത് ചിരിക്കും. എന്നിട്ടും ഈണം മാത്രമല്ല പശ്ചാത്തല വാദ്യങ്ങള്‍ പോലും അതേപടി അനുകരിക്കുന്ന തൊലിക്കട്ടിയെ എന്തിനോടുപമിക്കും?
One Flew...
മലയാളത്തിലെ പല പോപ്പുലര്‍ സിനിമകളുടേയും ഒറിജിനലുകള്‍ ഏതെന്ന്് ചൂണ്ടിക്കാണിച്ചു തരുന്ന ഒരുപാട് വെബ്‌സൈറ്റുകള്‍ ഇന്ന് സുലഭം. copycat movies in malayalam എന്ന് ഗൂഗ്ള്ല്‍ സെര്‍ച്ചിയാല്‍ അവ ഒന്നൊന്നായി അണിനിരക്കും.
അത്തരം ഒരു സൈറ്റില്‍ കണ്ട ചേരുംപടി ചേര്‍ത്ത ലിസ്റ്റിലെ ഏതാനും മിന്നും താരങ്ങള്‍ ഇതാ:
ഓഗസ്റ്റ് 1 -  Day of the Jackal
നിര്‍ണയം - The Fugitive
ഉദയനാണ് താരം - Bowfinger
മഞ്ഞുപോലൊരു പെണ്‍കുട്ടി - Crime and punishment in Suburbia
ബിഗ് ബി  Four Brothers
അന്‍വര്‍  Traitor
മാളൂട്ടി  Everybody's Baby
തൂവല്‍സ്പര്‍ശം  Three men and a baby
പച്ചക്കുതിര  Rain man
താളവട്ടം  One flew over the cuckoo's nest
കാക്കക്കുയില്‍  A Fish called Wanda
കോക്ക്‌ടെയില്‍  Butterfly on a Wheel
ഈ ലിസ്റ്റ് അപൂര്‍ണമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇതുപോലെ 101 ആവര്‍ത്തിച്ച് രസം കെട്ട ക്ലീഷേകളുമുണ്ട്. www.m3db.com/node/27875 എന്ന വെബ്‌സൈറ്റില്‍ ഇത്തരം 101 ആവര്‍ത്തിച്ച 1001 ആയിരത്തൊന്ന് ആവര്‍ത്തന വീരസ്യങ്ങളാണ്, അല്ല വിരസങ്ങളാണ് സമാഹരിച്ചിരിക്കുന്നത്.
ഇതാ ഏതാനും ചില സാമ്പഌകള്‍:
1) നായകന്‍ ധീരനായ പോലീസുകാരനാണെങ്കില്‍ മുഖ്യമന്ത്രി ഇയാളുടെ കോളേജിലെ സഹപാഠി ആയിരിക്കും. പോലീസുകാരന്‍ ഐജിയെ തെറിവിളിക്കുന്നതിനും മറ്റും ഈ മന്ത്രിയുടെ സ്‌നേഹാര്‍ദ്രമായ പിന്തുണ റെഡി.
2) നായകന്‍ എത്ര നന്മയുള്ളവനാണെങ്കിലും ആരെങ്കിലും പറയുന്ന ഒരു നുണ കേട്ടാലുടന്‍ അമ്മയുള്‍പ്പെടെയുള്ളവര്‍ നായകനെ തള്ളിപ്പറയും. എല്ലാമറിയുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്‌സ് അടുക്കുന്നതു വരെ ഒന്നും മിണ്ടിപ്പോവരുതെന്നുള്ള അര്‍ത്ഥത്തില്‍ നായകന്‍ കണ്ണുരുട്ടിക്കാണിക്കും.
3) പലപ്പോഴും കെട്ടാതെ നില്‍ക്കുന്ന അനിയത്തിമാരാണ് നായകന്റെ സപ്പോര്‍ട്ട്. കെട്ടിച്ചു വിട്ട പെങ്ങമ്മാരും അവരുടെ ഭര്‍ത്താക്കന്മാരും പൈസ പിടുങ്ങാന്‍ എത്തുന്നവര്‍.
4) അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടില്‍ കര്‍ക്കശക്കാരനായ ചേട്ടന്റെ അദൃശ്യസ്‌നേഹം തിരിച്ചറിയാതെ ചതിക്കാന്‍ ശ്രമിക്കും, വില്ലനോട് കൂട്ടുകൂടും. എന്തായാലും ക്ലൈമാക്‌സില്‍ എല്ലാം കോമ്പഌമെന്റ്‌സാകും.
5) ക്ലൈമാക്‌സില്‍ നായകന്‍ വില്ലനെ കൊന്നാലും നായകന്‍ അറസ്റ്റ് ചെയ്യപ്പെടാത്ത ഒരു നിയമ സാഹചര്യമുണ്ടാകും.
6) എല്ലാ സംഘട്ടനങ്ങളും നടക്കുന്നത് പൊട്ടിച്ചിതറുന്ന സാധനങ്ങള്‍ ധാരാളമുള്ളിടത്തു മാത്രം. മണ്‍കലങ്ങള്‍, തക്കാളിവണ്ടി, ചില്ലുജനാലകള്‍, ഫ്യൂസായ ട്യൂബ്ലൈറ്റുകള്‍, വീപ്പകള്‍...
7) തന്റേടിയായ എല്ലാ നായികമാര്‍ക്കും അഭിശപ്തമായ ഒരു ഫഌഷ്ബാക്ക് ഉണ്ടാകും. അതു കേട്ടപാതി നായകന്‍ പ്രേമത്തില്‍ വീഴും.
8)  വില്ലന്‍ ബ്ലാക്ക്‌മെയില്‍ ചെയ്താലും രാജേട്ടനോട് പറയാതെ നീറിനീറിക്കഴിയുന്ന നായിക
9) പാല്‍ക്കാരനില്ലാത്ത പട്ടണത്തിലായാലും ഉന്നം തെറ്റി വരുന്ന കല്ല് പാല്‍ക്കുടത്തില്‍ തന്നെ കൊള്ളും
10) കുര്‍ത്തയും കണ്ണടയും ധരിച്ച ജേര്‍ണലിസ്റ്റ് നായിക കൊണ്ടുവരുന്ന നന്മയുള്ള ഒരു ന്യൂസും പ്രസിദ്ധീകരിക്കപ്പെടില്ല
Hari
ഭാഗ്യവശാല്‍ ട്രാഫികില്‍ തുടങ്ങിയ നമ്മുടെ സിനിമയിലെ നവതരംഗം ഇത്തരം ക്ലീഷേകളെ കുടഞ്ഞുകളയാന്‍ ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ മൂകചിത്രം ഏതാണ്? പണ്ടു മുതല്‍ക്കേ ക്വിസ് മത്സരങ്ങളില്‍ ചോദിച്ചു കേള്‍ക്കുന്ന ചോദ്യം. മൂകചിത്രത്തിനു ഭാഷയുണ്ടോ സാറേ എന്നതാണ് മറുചോദ്യം.
പ്രധാനപ്പെട്ട ഡയലോഗ് പറഞ്ഞാലുടന്‍ അത് ഇംഗ്ലീഷിലും ആവര്‍ത്തിക്കുന്ന നായകന്മാരുടെ നാടാണല്ലോ കേരളം. ആറാം തമ്പുരാനില്‍പ്പോലുമുണ്ട് ഈ ടെക്‌നിക്. എന്താ പ്രശ്‌നം, വാട്ടീസ് ദ പ്രോബ്ലം എന്നാണ് നായകന്‍ ചോദിക്കുന്നത്. സബ്‌ടൈറ്റ്‌ലുകള്‍ ഇല്ലാതെ തന്നെ ഹോളിവുഡിലും റിലീസ് ചെയ്യാവുന്ന സീനുകള്‍. സ്ഥിരം ഡബ്ബിംഗ് കലാകാരന്മാരുടെ സാന്നിധ്യമാണ് മറ്റൊരു ബോറടി. പണ്ടിതൊരു ഹരിയായിരുന്നു. മണിമുഴക്കത്തിലെ നായകന്‍, നല്ല നടന്‍ ഹരി. ഇടക്കാലത്ത് ഒരു സിനിമയിലെ നാലഞ്ച് കഥാപാത്രങ്ങളുടെയെങ്കിലും ശബ്ദം ഹരിയുടേതായിരുന്നു. ഇന്ന് ആ ബഹുമതി തിലകന്റെ രണ്ടു മക്കള്‍ പങ്കിട്ടെടുത്തിരിക്കുന്നു.
Caste war or business war?
തിലകന്റെ കാര്യം പറഞ്ഞപ്പോള്‍ നെടുമുടി തിലകന്‍ യുദ്ധമോര്‍ത്തു. സംഗതി ജാതിക്കുശുമ്പാണെന്നാണ് തിലകന്റെ വാദം. മലയാളത്തോളം പഴക്കമുള്ള നായരീഴവ യുദ്ധത്തിന്റെ പുതുപ്പതിപ്പ്. എന്നാല്‍ ഇതിന്റെ പിന്നില്‍ ബിസിനസ് മാത്രമേയുള്ളു എന്നതല്ലേ സത്യം? മോഹന്‍ലാലിന്റെയോ ജയറാമിന്റേയോ അച്ഛന്‍ റോളിനു വേണ്ടിയുള്ള മത്സരം. ഇടയ്‌ക്കൊന്നു ചോദിക്കട്ടെ, മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ റോളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇന്നാണെങ്കില്‍ അഭിനയിക്കില്ല. പണ്ട് അഭിനയിച്ചത് സൂപ്പര്‍ഹിറ്റ് സിനിമയിലാണ് - പടയോട്ടത്തില്‍. പടയോട്ടം ഓര്‍മിക്കുമ്പോഴാണ് മമ്മൂട്ടിയുടെ പടയോട്ടത്തിന്റെ ഗ്രാഫ് എത്ര കുത്തനെയാെണന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. കണ്ണടച്ചിരുന്ന് നോക്കുമ്പോഴും നമ്മുടെ സിനിമാ വിശേഷങ്ങള്‍ എന്റര്‍ടെയ്‌നിംഗ് തന്നെ.