Followers

Thursday, August 2, 2012

അത്മാവിന്റെ കുറ്റബോധം


സുമേഷ്


"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ,  തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ  ജീവിച്ചേ  ഒക്കൂ.

എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ  വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?

അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!

എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ  പറഞ്ഞപ്പോൾ,  അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.

സാരമില്ല, എന്റെ  അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!


ഇടിയും മിന്നലുമുള്ളപ്പോൾ മിനിക്കുട്ടിക്കിപ്പോഴും പേടിയാ. ഉറക്കം വരില്ല.
അല്ലെങ്കിലും, ഒരിക്കലും ഉറങ്ങാറില്ല. ഓരോന്നാലോചിച്ച് ഇരിക്കും.

എന്റെ പഴയ കൂട്ടുകാരികളുടെ കല്ല്യാണ വാർത്ത കേൾക്കുമ്പോൾ അമ്മയ്ക്ക് വിഷമമാകുന്നുണ്ടല്ലേ ?   പോയിരുന്നോ അവരുടെ കല്ല്യാണത്തിനു ?

ബന്ധുക്കളും, അയൽവക്കത്തുമൊക്കെ ചിലപ്പോൾ അടക്കം പറയാറുള്ളത് ഞാൻ കേൾക്കുന്നുണ്ടമ്മേ.

"മോളുണ്ടായിരുന്നതൊരെണ്ണം ലാളന അധികമായി പ്ലസ്ടൂനു മാർക്ക് കുറഞ്ഞപ്പോ കൈമുറിച്ചു.... ഒരു നസ്രാണിചെക്കനായിട്ട് കേസുകെട്ട് ഉണ്ടായിരുന്നൂന്നും പറേണുണ്ട്.... വളർത്ത്ദോഷം..."

 ഞാൻ കാരണം എന്തൊക്കെ വേദന അനുഭവിച്ചല്ലേ ?
ആ കാലിൽ വീണു മാപ്പിരക്കണമെനിക്ക്...

 എന്തിനാണാവോ ആ നിമിഷം അങ്ങിനെ തോന്നിയതു ?
കുറ്റപ്പെടുത്തലുകൾ കേട്ടപ്പോഴെന്തോ എല്ലാവരെയും കരയിക്കണമെന്നാണു തോന്നിയതു.
ചുവപ്പ് പടർന്ന് ബോധം മറയുന്നുവെന്ന് തോന്നിയപ്പോഴാണു ജീവിതത്തിന്റെ നിറങ്ങൾ തിരിച്ച് വേണമെന്ന് തോന്നി.
ആസ്പത്രിയിൽ അബോധാവസ്ഥയിൽ തിരിച്ച് വരവിനു കുറേ ആഗ്രഹിച്ചു കിടന്നു.
കാലുകൾ മരിച്ച് തുടങ്ങിയപ്പോൾ ഞാനറിഞ്ഞു....  ഇനി ഒരു മടക്കമില്ലെന്ന്....

വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉമ്മറത്ത് കിടത്തിയപ്പോൾ കേൾക്കുന്നുണ്ടായിരുന്നു അമ്മയുടെ സങ്കടങ്ങൾ.... നിലവിളി...

അമ്മ ഓരോന്ന് എണ്ണിപ്പറഞ്ഞത്!

പത്ത് മാസത്തെ വേദനയേക്കുറിച്ച്!
നീന്തീ നീന്തി പിന്നെ അമ്മയുടെ കൈ പിടിച്ച് നടന്ന് തുടങ്ങിയതിനേക്കുറിച്ച്!
മുറ്റത്തെ കല്ലിൽ തട്ടി എന്റെ നെറ്റി മുറിഞ്ഞപ്പോഴമ്മ കരഞ്ഞത്!
സ്കൂളിലെ ആദ്യദിവസം ക്ലാസിലിരിക്കാതെ കരഞ്ഞപ്പോഴമ്മ വൈകുന്നേരം വരെ നിന്നത്!
ഓരോ അക്ഷരങ്ങൾ പഠിപ്പിച്ചത് !
മൽസരങ്ങൾക്ക് പാട്ട് പഠിപ്പിച്ചത്!
പനിച്ചപ്പോൾ തുണി നനച്ചിട്ട് തോളിലിട്ടുറക്കിയത് !
ആഗ്രഹിച്ച ഓരോ കളിപ്പാട്ടങ്ങളും,വളകളും,ഉടുപ്പും വാങ്ങിത്തന്നത്!
പരുന്തിനു കൊടുക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ എന്നെ നോക്കിയത്!

ഞാനെന്താ ഒന്നുമോർക്കാതെ പോയതമ്മേ!
വല്ലാതെ ലജ്ജ തോന്നിപ്പോയി !
കുഴിയിലേക്ക് എന്റെ ശരീരം പോകുമ്പോൾ എല്ലാരുടെയും കരച്ചിൽ !
കുറ്റബോധം കൊണ്ട് വയ്യായിരുന്നമ്മേ.

ഒരൽപ്പം ശാസിച്ചത് എന്റെ അച്ഛനമ്മമാരല്ലേയെന്ന് ഞാനെന്തേ ഓർക്കാതെ പോയത്.
ജീവിതം അവസാനിപ്പിക്കാനുള്ള  സങ്കടം വരെ തോന്നുന്ന  ഏത് ഘട്ടവും ആ ഒരു നിമിഷം തരണം ചെയ്താൽ അതു വെറും സാധാരണ ഒരു  ഓർമ്മ മാത്രമാവുമെന്ന് എനിക്കു തിരിച്ചറിയാനായില്ലല്ലോ

ക്ഷമിക്കമ്മേ....
മടങ്ങി വരുവാൻ ഇനി എത്ര തീവ്രമായാഗ്രഹിച്ചാലും.