Followers

Thursday, June 7, 2012

വേനല്‍

ശ്രീജിത്ത് മൂത്തേടത്ത്

പെരുമ്പറകൊട്ടി ധാരമുറിയാതെ പെയ്തുകൊണ്ടിരുന്ന പേമാരിയുടെ നടുവിലേക്ക് ഒരു കടുത്തതുള്ളിയായി തിളച്ചവേനലിന്റെ ലാവ കോരിയൊഴിക്കപ്പെട്ടു. ഉരുകിത്തിളച്ചാവിയായെന്നവണ്ണം അന്തരീക്ഷത്തില്‍നിന്നും ജലകണങ്ങള്‍ അപ്രത്യക്ഷമായി. ഇന്നലെവരെ മഴ തിമിര്‍ത്തുപെയ്തിരുന്നുവെന്നോ, ശൈത്യമായിരുന്നുവെന്നോ ശീതക്കാറ്റുവീശിയിരുന്നുവെന്നോ ആരും പറയില്ല. സര്‍വ്വത്ര ആവി. സകലജീവജാലങ്ങളെയും ചുട്ടുവിയര്‍പ്പിച്ചുകൊണ്ട് വായു വിങ്ങിനിന്നു. എന്തു സംഭവിക്കുന്നുവെന്നറിയാതെ വന്‍മരം പുറമെ കൂസാതെയെങ്കിലും അകമെ എരിപൊരികൊണ്ടു. ദീര്‍ഘനാളായുള്ള നില്‍പ്പാണ്. തണല്‍വിരിച്ച് കുളിരേകി, തായ് വേരിറക്കി, കോടാനുകോടി ചെറുതും വലുതുമായ ജീവാത്മാക്കള്‍ക്ക് തണലായി, ആലംബമായി.... ആശ്വാസമായി, പ്രതീക്ഷയായി... തളര്‍ന്നുകൂടാ... നിലനില്‍ക്കണം... ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ആല്‍മരം സ്ഥിതിചെയ്യുന്നത്. മുമ്പത് നാലുപാടും പന്തലിച്ച് ഗ്രാമാതിര്‍ത്തിവരേയും, അതിനപ്പുറത്തേക്കും തായ് വേരുകളുടെ സഹായത്തോടെതന്നെ വ്യാപിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അന്നു ഗ്രാമത്തിനും, സമീപഗ്രാമങ്ങള്‍ക്കുമാശ്വാസമായി തണലും, കുളിരും, ജലമത് ഏകിയിരുന്നുവത്രെ. ഇന്ന്, തായ് വേരുകള്‍ മിക്കതും അറുക്കപ്പെട്ട് ഒരു ദ്വീപുപോലെ ഗ്രാമമധ്യത്തിലേക്കത് ചുരുങ്ങിയിരിക്കുന്നു. എങ്കിലും കീഴിലുള്ള സകലതിനേയും സംരക്ഷിച്ച് അതു നിലനില്‍ക്കുന്നു.

                 പൊടുന്നനെ രാത്രിയുടെ ഏകാഗ്രതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വെടിയൊച്ച അന്തരീക്ഷത്തില്‍ പ്രകമ്പനം തീര്‍ത്തു. കാക്കകളുടെ കരച്ചില്‍... കുറുക്കന്മാരുടെയും നായക്കളുടെയും ഭീതിജനകമായ ഓരിയിടല്‍... തുടര്‍ന്ന് തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍... സ്ത്രീകളുടെയും കുട്ടികളുടെയും ആര്‍ത്തനാദം. പന്തങ്ങളുടെ വെളിച്ചത്തില്‍ കൊള്ളിയാന്‍പോലെ മിന്നിത്തിളങ്ങുന്ന വാള്‍ത്തലകള്‍.. ഒരാരവമുയരുകയാണ്. ചക്രവാളംചുവപ്പിച്ചുകൊണ്ട്, മുന്നില്‍ക്കണ്ട സകലതിനേയും ചുട്ടെരിച്ചുകൊണ്ട്... മനുഷ്യശരീരങ്ങളെ തുണ്ടം തുണ്ടമാക്കിക്കൊണ്ട്. കലാപത്തിനുമുന്നില്‍ കാട്ടുനീതിപോലുമില്ല. അവശേഷിപ്പിക്കപ്പെടുക എന്നതുമാത്രമാണ് ഇരക്കുലഭിക്കുന്ന രക്ഷ. അതിനായി അവരിരുവരും ഓടി. ഇരുട്ടിനെകീറിമുറിച്ചെത്തുന്ന പന്തവെളിച്ചത്തില്‍നിന്നും രക്ഷനേടി... ഇരുട്ടിനുള്ളില്‍ മറ്റൊരിരുട്ടായി...
                "കൊല്ലെടാ...”
                “വെറുതെവിടരുത്...”
    “പിടിക്കവരെ..” - പിന്നില്‍നിന്നും ആഹ്വാനങ്ങള്‍... ആക്രോശങ്ങള്‍..
                 “നാശം... രക്ഷപ്പെട്ടുകളഞ്ഞു.”
     “എങ്ങിനെയെങ്കിലും പിടിക്കപ്പെടേണ്ടതായിരുന്നു...” - നിരാശയില്‍കുതിര്‍ന്ന ശാപവാക്കുകള്‍...

                 ഇതു നാദാപുരം. നാഗപുരമെന്നായിരുന്നു പഴയപേരെന്ന് കേട്ടിട്ടുണ്ട്. ഉണ്ണിയാര്‍ച്ചക്കും മുമ്പേ കച്ചവടത്തിനുപേരുകേട്ട പ്രാചീനപട്ടണം. കിളിമഞ്ചാരോപോലെ, പുറന്തോട് മഞ്ഞില്‍മൂടി, വെണ്മയാര്‍ന്ന് നനുത്ത് മനോഹരമെങ്കിലും, അകം ഉരുകിത്തിളച്ചുമറിയുന്ന സജീവകലാപഭൂമിയെന്ന ഓമനപ്പേരുള്ള പ്രദേശം. സജീവഅഗ്നിപര്‍വ്വതമെന്നപോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അന്തരീക്ഷം. എങ്കിലും അറബിപ്പൊന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തില്‍, ഊദിന്റെയും അത്തറിന്റെയും പരിമളം തങ്ങിനില്‍ക്കുന്ന ഈ നാട്ടില്‍ ഗള്‍ഫ് പണത്തിന്റെ മാസ്മരികതയില്‍ കാണെക്കാണെ മനോജ്ഞ സൗധങ്ങള്‍ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്നു. എന്തിനും വളക്കൂറുള്ളതാണീമണ്ണ്
                 ഇവിടെ വിരുന്നുകാരായെത്തിയവരായിരുന്നു മാധവും,മുഹമ്മദും. പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെയറിഞ്ഞും, വടക്കന്‍പാട്ടിന്റെ ശീലുകളിലാകൃഷ്ടരായും ഉല്ലസിക്കാനെത്തിയവര്‍. വടകര റയില്‍വേസ്റ്റേഷനില്‍ ട്രയിനിറങ്ങി നാരായണനഗരം പുതിയബസ്റ്റാന്റിലേക്കുള്ള വഴിമദ്ധ്യേ സെന്‍ട്രല്‍ ഹോട്ടലില്‍നിന്നും പൊടിച്ചായയും ബോണ്ടയും കഴിച്ച് കുറ്റ്യാടിബസ്സ് കയറി നാദാപുരം ബസ്റ്റാന്റിലെത്തിയപ്പോഴേക്കും നാരായണന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടുന്നു കുലുങ്ങിയും കിടുങ്ങിയുമുള്ള ജീപ്പുയാത്ര. ജാതിയേരിക്കുന്നിന്റെ പള്ളയിലായിരുന്നു നാരായണന്റെ വീട്. പഴയ പുത്തൂരംവീടും, ഇളവന്നൂര്‍മഠവുമൊക്കെയിരുന്നയിടം. നാരായണനും അമ്മയും മാത്രമേ ആ വലിയവീട്ടില്‍ താമസമുണ്ടായിരുന്നുള്ളൂ.
                           നല്ലയാത്രാക്ഷീണമുണ്ടായിരുന്നതുകൊണ്ട് രാത്രി കിടന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. രാവിലെ ഉണര്‍ന്നുനോക്കിയപ്പോഴാണ് പ്രകൃതിയുടെ സൗന്ദര്യം ശരിക്കുമാസ്വദിക്കാന്‍ കഴിഞ്ഞത്. പച്ചദാവണിയുടുത്ത കുന്നിന് അരഞ്ഞാണംപോലെ വിഷ്ണുമങ്കലംപുഴ, കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്നു. പുഴക്കിരുവശവും വിഷുവിന്റെ വരവറിയിച്ച് നേരത്തെപൂത്ത കൊന്നകള്‍ സുവര്‍ണ്ണസമൃദ്ധികാണിച്ച് യൗവനത്തിന്റെ പുതുമോടിയണിഞ്ഞ് ഒരു നവോഡയെപ്പോലെ അവരെ വരവേറ്റു. പുഴയിലെ വിസ്തരിച്ചുള്ള കുളിക്കുശേഷം നാരായണന്റെ അമ്മ വിളമ്പിയ പത്തിരിയും ഇറച്ചിക്കറിയുമായി പ്രാതല്‍. പുഴയുടെ തീരത്തുകൂടെ ഇയ്യങ്കോട്ടുവരെയൊരു സര്‍ക്കീട്ട്. ചൂണ്ടയിട്ട് മീന്‍പിടുത്തം. പുഴയില്‍നിന്നും പിടിച്ച കയിച്ചില്‍മത്സ്യത്തിന്റേയും, പുഴഞണ്ടിന്റേയും കറികൂട്ടി, കടുക്ക ഉപ്പേരിയുംകൂട്ടി സമൃദ്ധമായ ഊണ്. ചെറിയൊരുച്ചമയക്കത്തിനുശേഷം കല്ലാച്ചിയങ്ങാടിയിലൂടെയുള്ള നടത്തം
                       നാദാപുരത്തിനോട് ചേര്‍ന്നതായതിനാല്‍ കല്ലാച്ചിയങ്ങാടിയിലും പുത്തന്‍പണക്കൊഴുപ്പിന്റെ പുതുമോടിയണിഞ്ഞ് കൂറ്റന്‍സൗധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിനിടയിലും ഓടുമേഞ്ഞ ചെറുകടകളാലും, തിരക്കേറിയ വിപണനകേന്ദ്രമായും അത് അതിന്റെ പുരാതനപ്രൗഡി പ്രദര്‍ശിപ്പിച്ചിരുന്നു. പഴയ കടത്തനാട്ട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കുറ്റിപ്പുറംകോവിലകത്തോടു ചേര്‍ന്നാണല്ലോ ഈ അങ്ങാടി. കല്ലാച്ചിയിലെ സുന്ദര്‍ടാക്കീസില്‍നിന്നുമൊരു ഫസ്റ്റ്ഷോയും കണ്ട് തിരിച്ച് വീട്പിടിക്കുമ്പോഴേക്കും രാത്രി പതിനൊന്നുമണിക്കഴിഞ്ഞിരുന്നു.
               വീട്ടിലെത്തുമ്പോള്‍ നാരായണന്റെ അമ്മ ഭീതിയോടെ കാത്തിരിപ്പാണെന്നുതോന്നി. അവര്‍ നാരായണനെയകത്തുവിളിച്ചുകൊണ്ടുപോയി എന്തൊക്കെയോ രഹസ്യം പറയുന്നു. എന്താണാവോ ഇത്ര സ്വകാര്യം? രാത്രിഭക്ഷണത്തെക്കുറിച്ചാവും. മാധവും മുഹമ്മദും അകമേചിരിച്ചു. മുറ്റത്തുചിക്കിനടന്നിരുന്ന പൂവന്‍കോഴി അത്താഴത്തിനുള്ളതാണെന്ന് അമ്മ ഉച്ചക്ക് പറഞ്ഞത് അവര്‍ക്കോര്‍മ്മവന്നു. കൈകഴുകി ഉണ്ണാനിരുന്നപ്പോള്‍ ശരിയാണ്. നല്ല നാടന്‍കോഴിക്കറിയുടെ എരിവുള്ള സ്വാദ് ഇന്നേവരെ കഴിച്ചതൊന്നും ഒന്നുമല്ലായെന്ന തോന്നല്‍ അവരിലുളവാക്കി. അത്താഴം കഴിച്ച് അമ്മകാണാതെ ഓരോ സിഗരറ്റുംവലിച്ച് മുകളിലത്തെനിലയിലുള്ള മുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് നാരായണന്‍വന്ന് ചെവിയില്‍ മന്ത്രിച്ചത്
           "അടുത്ത് ചെറിയൊരു തീവെപ്പ് നടന്നിരിക്കുന്നു. ചിലപ്പോഴൊരു കലാപമായിപ്പടരാനുള്ള സാധ്യതയുണ്ട്. ഒരു ഹിന്ദുവിന്റെ കടയാണ് അഗ്നിക്കിരയായത്. അടുത്തുള്ള നിസ്കാരപ്പള്ളിക്കാരോ കല്ലെറിഞ്ഞെന്നും കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്ത് ശബ്ദംകേട്ടാലും പുറത്തിറങ്ങരുത്
             - അതും പറഞ്ഞ് നാരായണന്‍ താഴെ മുറിയില്‍പ്പോയിക്കിടന്നു.
               കലാപം!! മുഹമ്മദിന്റെ സുഷുമ്നയിലൂടെ കറണ്ടുപാസുചെയ്യുന്നതുപോലെ ഭയത്തിന്റെ ഒരു മിന്നല്‍ തലച്ചോറിലേക്ക് പ്രവഹിച്ചു. നാദാപുരത്തെ കലാപങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രപെട്ടന്ന് തങ്ങളിവിടുള്ളപ്പോള്‍ത്തന്നെ...! അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. മാധവും വിറയാര്‍ന്നകൈകള്‍ നെഞ്ചോടുചേര്‍ത്ത് പിണഞ്ഞുകെട്ടി അറിയാവുന്ന സകലദൈവനാമങ്ങളുമുരുവിടുകയായിരുന്നു. വിറയാര്‍ന്ന കാലുകൊണ്ട് അയാള്‍ മുഹമ്മദിന്റെ കാലിലൊന്ന് തൊട്ടു.
          “ഹള്ളോ...!!” - മുഹമ്മദ് ചാടിയെഴുനേറ്റുപോയി. മണ്ണട്ടകളുടെയും, പുഴക്കരയില്‍നിന്നും പോക്കാച്ചിത്തവളകളുടെയും മറ്റനേകം ജീവികളുടേയും സംഗീതക്കച്ചേരി.
                        “ഇദ്ദുനിയാവിലിത്രപെരുത്ത് ജീവികളുണ്ടോ?”
-മുഹമ്മദ് ആദ്യമായാണിത്രയധികം ജീവികളുടെ ശബ്ദം ഒരുമിച്ചുകേള്‍ക്കുന്നത്. പുഴയില്‍നിന്നും വീശുന്ന തണുത്തകാറ്റിലും അവര്‍ വിയര്‍ത്തൊഴുകി. പുഴക്കക്കരത്തെ കാട്ടില്‍നിന്നാവണം കുറുക്കന്‍മാരുടെ ഓരിയിടല്‍.. എവിടെനിന്നോ ഒരു പശുവിന്റെ കരച്ചില്‍..
                               പൊടുന്നനെ സകല ശബ്ദങ്ങളേയും വിറപ്പിച്ചുകൊണ്ടൊരു വെടിയൊച്ച! മുഹമ്മദ് മാധവിനെ കെട്ടിപ്പിടിച്ചു. ദൂരെനിന്നൊരാരവമടുത്തുവരുന്നു. യുദ്ധസമാനമായൊരിരമ്പല്‍...! ആ ഇരമ്പലില്‍ തങ്ങളെച്ചൂഴ്ന്ന് കട്ടപ്പിടിച്ചിരുന്ന ഇരുട്ടുപോലും കിടുകിടാവിറക്കുന്നതായവര്‍ക്കുതോന്നി. പൊടുന്നനെ സ്വന്തം കാതില്‍നിന്നെന്നവണ്ണം ബ്രഹ്മാണ്ഡം കുലുങ്ങിപ്പോവുന്നതുപോലൊരു സ്ഫോടനം! അതേവരെ തങ്ങള്‍ക്കുതാങ്ങായിരുന്ന ഭൂമി പാതാളത്തിലേക്കിടിഞ്ഞുവീണതുപോലൊരു ശൂന്യത! നിശബ്ദതയുടെ ഇരുട്ടിനെ വീണ്ടും വീണ്ടും നടുക്കിക്കൊണ്ട് തുടരെത്തുടരെ സ്ഫോടനങ്ങള്‍. താഴെനിന്നും നാരായണന്റെയും അമ്മയുടെയും നിലവിളി. മാധവ് മുഹമ്മദിന്റെ കൈപിടിച്ച് താഴേക്ക് കുതിച്ചു. കുത്തനെയുള്ള കോണിപ്പടിയിലൂടെ അവര്‍ ഉരുണ്ടുപിരണ്ട് താഴെയെത്തുകയായിരുന്നു. കോലായില്‍ ചോരയില്‍ക്കുളിച്ചുകിടക്കുന്ന നാരായണന്‍..! അലമുറയിടുന്ന അമ്മ..!
               “ആരെടാ അത്?”
      - ഇരുട്ടില്‍നിന്നൊരാക്രോശം. മുഹമ്മദ് പിന്നാമ്പുറത്തെ വാതില്‍തുറന്ന് ഇരുട്ടിലേക്ക് ഒരറ്റയോട്ടം. പിന്നാലെ മാധവും. പന്തങ്ങളും വാളുകളും ആക്രോശിച്ചുകൊണ്ട് രക്ഷപ്പെടുന്ന ഇരക്കുപിന്നാലെ കലിതുള്ളിയാര്‍ത്തു. അവര്‍ ജീവനുംകൊണ്ട് പാഞ്ഞു.

                           നാദാപുരത്തങ്ങാടിയുടെ ഒത്തനടുക്ക് ചുറ്റുപാടും പ്രകാശംപരത്തുന്ന നിയോണ്‍ തെരുവുവിളക്കിനു കീഴെ, ഗതാഗതനിയന്ത്രണത്തിനായി താല്കാലികമായി വച്ചിരുന്ന ഒഴിഞ്ഞ ടാര്‍വീപ്പകളിലൊന്നില്‍ രണ്ടുമനുഷ്യാത്മാക്കള്‍ പരസ്പരമൊട്ടി ശ്വാസമടക്കിപ്പിടിച്ചിരുന്നു. അവര്‍ സ്വന്തം നെഞ്ചിടിപ്പുപോലുമടക്കി കാതോര്‍ത്തു. ആരവങ്ങള്‍ അടുത്തുവരുന്നുണ്ട്. ഒരുവശത്തുനിന്നും ഇങ്ക്വിലാബ് കലര്‍ന്ന ജയ് വിളികള്‍. മറുവശത്തുനിന്നും തക്ബീര്‍ വിളികള്‍. ആരവങ്ങള്‍ കവലയിലൊത്തുചേരുന്നതവരറിഞ്ഞു. ഇരുവിഭാഗവും പരസ്പരമേറ്റുമുട്ടുമെന്നും, വീണ്ടും ബോംബുകള്‍ പൊട്ടുമെന്നും, ചിലതബദ്ധത്തില്‍ തെറിച്ച് തങ്ങളുടെ തലയിലേക്ക് തന്നെ വരുമെന്നും അവര്‍ക്ക് തോന്നി. അവര്‍ ഇരുകൈകളാലും തലപൊത്തിപ്പിടിച്ചു. പരസ്പരം വെല്ലുവിളികള്‍... ശകാരങ്ങള്‍.. ഒടുവില്‍ ഇരുവശത്തുനിന്നും ജനക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ആരവമടങ്ങുന്നു. എങ്കിലും വാള്‍ത്തലകളുടെ കലമ്പല്‍ ചെറിയൊരു സംഘം ഇരുവശത്തും അവശേഷിപ്പിച്ചതായിത്തോന്നിച്ചു. ചില കുശുകുശുക്കല്‍.. ഇരുസംഘങ്ങളുമൊത്തുചേര്‍ന്ന് മുക്കിലും മൂലയിലുമെന്തോ തിരയുകയാണ്. തങ്ങളെയാവുമോ? മാധവ് മുഹമ്മദിനോട് ഒന്നുകൂടെച്ചേര്‍ന്നിരുന്നു. അടഞ്ഞ സംസാരങ്ങളില്‍നിന്നും കലാപകാരികള്‍ തിരയുന്നത് തങ്ങളെത്തന്നെയാണെന്നവര്‍ ഉറപ്പിച്ചു. മനസ്സിലൊരു ആന്തല്‍. അടിവയറ്റിലൊരു ഭയത്തിന്റെ ലാവാസ്ഫോടനം. പ്രഭവകേന്ദ്രത്തിലതു സൃഷ്ടിച്ച ആഘാതം സുനാമിത്തിരകളായി വന്‍കുടലിനെ മേല്‍പ്പോട്ടുതള്ളി. ഒരു ഓക്കാനം. വാപൊത്തിപ്പിടിച്ചെങ്കിലും നേരത്തെക്കഴിച്ച കോഴിക്കറി വലിയൊരു ശബ്ദത്തോടെ മുഹമ്മദില്‍നിന്നും പുറത്തുചാടി.
                 “ആരെടാ അവിടെ..?”
                 “പിടിയെടാ..”
                           സകലരുടെയും ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞിരിക്കണം. വീണ്ടും ആക്രോശങ്ങള്‍. പുറത്തുകടക്കാനാവാത്തവണ്ണം വീപ്പക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്ന മാധവിനെയും, മുഹമ്മദിനെയും അവര്‍ വലിച്ചെടുത്തു.
                  “എന്താടാ നിന്റെ പേര്?”
                  “മാധവ്.”
                   “നിന്റെ?”
                   “മുഹമ്മദ്”
       “ഇന്നാ ഇവനെ നിങ്ങളെടുത്തോ. ഇവനെ ഞമ്മള് ശരിയാക്കിക്കോളാം. ഇല്ലേല്‍ നാളെ എണ്ണം തെകക്കാന്‍ ഞമ്മള് തന്നെ കഷ്ടപ്പെടണ്ടേ?”
         അവര്‍ പങ്ക്വയ്ക്കപ്പെട്ടു. പേടിച്ചരണ്ട മുയലുകളെപ്പോലെ കിടുകിടാവിറച്ചിരുന്ന അവരുടെ കണ്ണുകള്‍ മുറുക്കെ ചിമ്മിയിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും ഹൃദയമിടിപ്പിന്റെയും ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരുപുതിയ താളം സൃഷ്ടിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം ഇറച്ചിക്കൂമ്പാരങ്ങളായി അവര്‍ ഒരേ ടാര്‍വീപ്പയില്‍ത്തന്നെ നിക്ഷേപിക്കപ്പെട്ടു. ആരവങ്ങള്‍ അകന്നുപോയി.
                             താങ്ങുവേരുകള്‍ മിക്കതും സ്വയം കേടുവന്നും വേനലില്‍ കരിഞ്ഞും ആല്‍മരം ഒന്നുകൂടെ ചുരുങ്ങിക്കഴിഞ്ഞിരുന്നു. അതില്‍ കൂടുകെട്ടിയിരുന്ന പറവകള്‍ നിരവധി ദാഹിച്ചും ദഹിച്ചും വീണുകഴിഞ്ഞിരുന്നു. ചെറുജീവികള്‍ പരശ്ശതം പരലോകം പൂകിക്കഴിഞ്ഞിരുന്നു. അന്തരീക്ഷം വിങ്ങിവീര്‍ത്തു. തീപോലെ ചുട്ടുപൊള്ളുന്ന വെയില്‍. ചൂടില്‍ക്കരിഞ്ഞുപോയതും, സ്വയം കേടുവന്നതുമായ താങ്ങുവേരുകളെ മരം ശപിച്ചിരുന്നില്ല. അവശേഷിക്കുന്ന തന്നിലെത്തുരുത്തുകൂടെയില്ലാതായാല്‍...? അതിനു സങ്കല്‍പ്പിക്കാന്‍പോലുമാവില്ലായിരുന്നു. പ്രത്യാശയുടെ പുതുനാമ്പായി വാനില്‍ കരിമേഘങ്ങളുരുണ്ടുകൂടുന്നുണ്ടോ? ആല്‍മരം പ്രതീക്ഷയോടെ മുകളിലേക്കുതന്നെ നോക്കിനിന്നു.