Followers

Monday, April 2, 2012

സാമീപ്യം


ലീല എം.ചന്ദ്രൻ

കാഞ്ചനക്കൂട്ടിലിരുന്ന് നീ കുറുകുന്നത് ഞാൻ അറിയുന്നു
നിന്റെ ശബ്ദത്തിലെ നൊമ്പരം
നിന്റെ നെഞ്ചിലെ പിടയൽ...
ഒക്കെയും എനിക്കനുഭവിക്കാൻ കഴിയുന്നു.
മോണിട്ടറിൽ തെളിയുന്ന നിന്റെ രൂപം തൊട്ട്
നിന്റെ സാമീപ്യവും എനിക്കറിയാൻ പറ്റുന്നുണ്ട്.
നിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ
ഓടിവന്ന് കെട്ടിപ്പിടിച്ച്, പരാതിയും പരിഭവവും
ആവശ്യങ്ങളും എന്റെ ചെവിയിൽ പട്ടികയായി നിരത്തുന്ന
നിന്റെ ബാല്യ കൌമാരങ്ങളാണെന്റെ ഓർമ്മയിൽ
ന്റെ ഒപ്പമായിരുന്നതിനേക്കാൾ നൂറിരട്ടിയായി
ഇന്നു നിന്നെ ഞാൻ ഓർക്കുന്നു,
നിന്നോടു സംസാരിക്കുന്നു.
നിന്നെഞാൻ സ്നേഹിക്കുന്നു..
എന്റെ മുന്നിലെ നേർത്ത തിരശ്ശീലയ്ക്കപ്പുറം നീയുണ്ട്.
എന്റെ കാതിൽ സ്പർശിക്കുന്ന പതുപതുത്ത പഞ്ഞിക്കുള്ളിൽ
നിന്റെ സ്വരമുണ്ട്.
നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ.
പ്രവാസികളായ എല്ലാ മക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.
- Show quoted text -